തൃശൂർ: കൊറോണ വൈറസ് ബാധ സംശയിക്കുന്ന വിദേശത്തുനിന്നും എത്തിയവർ വീടുകളിലേക്കുപോയത് കെഎസ്ആർടിസി ബസിൽ. വിവരം അറിഞ്ഞ നാട്ടുകാർ ബസ് തടഞ്ഞ് ഇവരെ ആരോഗ്യപ്രവർത്തകർക്കു കൈമാറി. ചാലക്കുടിയിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
ഷാർജയിൽനിന്ന് എത്തിയ തൃശൂർ തൃപ്പയാർ സ്വദേശിയും മണ്ണൂത്തി സ്വദേശിയുമാണ് കൊറോണ നിർദേശം മറികടന്ന് അപകടകരമായ യാത്ര നടത്തിയത്. ഇവർ ഇന്നലെയാണ് ഷാർജയിൽനിന്നും എത്തിയത്. ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ ആരോഗ്യപ്രവർത്തകർ പരിശോധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച് കൈയിൽ മുദ്ര പതിപ്പിച്ചു.
ഇന്ന് രാവിലെ നെടുമ്പാശേരിയിൽവന്നിറങ്ങി. ഇവിടെനിന്നും അങ്കമാലിവരെ സ്വകാര്യവാഹനത്തിൽ സഞ്ചരിച്ചു. പിന്നീട് അങ്കമാലിയിൽനിന്നും എസി ലോ ഫ്ളോർ ബസിൽ തൃശൂരിലേക്ക് വരികയായിരുന്നു. ഇവരുടെ കൈയിലെ മുദ്രകണ്ട് സംശയം തോന്നിയ ചിലരാണ് വിവരം പുറത്തറിയിച്ചത്.