കാസര്‍കോട്: കാസര്‍കോട് കൊറോണ സ്ഥിരീകരിച്ചയാളുടെ യാത്രയില്‍ ദുരൂഹതയേറുന്നു. കള്ളക്കടത്തുസംശയിച്ച്‌ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കി. എയര്‍പോര്‍ട്ടില്‍ ഇയാളെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സഹായിച്ചു. വിദേശത്തു നിന്നും കടത്തിക്കൊണ്ടുവന്ന സാധനങ്ങള്‍ക്ക് നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇയാളുടെ പാസ്പോര്‍ട്ട് കസ്റ്റംസ് പിടിച്ചുവച്ചിരിക്കുകയാണ്. രണ്ട് രാഷ്ട്രീയ നേതാക്കളുടെ സഹായവും ലഭിച്ചതായാണ് വിവരം.

മാര്‍ച്ച്‌ പതിനൊന്നാം തീയതിയാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസ് പരിശോധനയില്‍ ഇയാളുടെ ബാഗില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തു. നികുതിയടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്നു പറഞ്ഞ് ഇയാള്‍ പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് മടങ്ങി എത്തിയെങ്കിലും പാസ്പോര്‍ട്ട് മടക്കി നല്‍കിയില്ലെന്നാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. വിദേശത്ത് നിന്നും സിഗരറ്റുകളും സൗന്ദര്യ വര്‍ധക വസ്തുക്കളും നാട്ടിലെത്തിച്ച്‌ വില്‍പ നടത്തുന്ന ഇയാള്‍ ഏറെ നാളായി നിരീക്ഷണത്തിലായിരുന്നെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. യാത്രയുടെ കൂടുതല്‍ വിവരം നല്‍കാന്‍ ഇയാള്‍ ഇതുവരെ തയാറായിട്ടില്ല. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ജില്ലാ ഭരണകൂടം റൂട്ട് മാപ്പ് പുറത്തുവിട്ടു.

മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഇയാള്‍ നടത്തിയ മംഗലാപുരം യാത്രയുടെ വിവരങ്ങള്‍ റൂട്ട് മാപ്പ് തയ്യാറാക്കിയവരോട് വെളിപ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയുള്ള റൂട്ട്മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്.