രാജ്യത്തെ 80 കോടി ആളുകള്‍ക്ക് കോവിഡ് ബാധിക്കാന്‍ സാധ്യതയെന്ന് വാഷിങ്ടണ്‍ സെന്റര്‍ഫോര്‍ ഡിസീസ് ഡൈനാമിക്സ് എക്കണോമിക്സ് പോളിസിയുടെ ഡയറക്ടര്‍ ഡോ. രമണന്‍ ലക്ഷ്മിനാരായണന്‍.ഏറ്റവും മോശം സാഹചര്യത്തില്‍ 60 ശതമാനം ആളുകള്‍ക്കുവരെ രോഗം ബാധിക്കാം. ചെറിയ ശതമാനത്തിന് ഗുരുതരരോഗബാധയ്ക്കും അതില്‍ ഒരു വിഭാഗത്തിന് ജീവന്‍ നഷ്ടപ്പെടാനും ഇടയാകുമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. രമണന്‍ ലക്ഷ്മിനാരായണന്‍ പറഞ്ഞു.

രാജ്യത്ത് രോഗവ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന ഐസിഎംആറിന്റെ വാദം തെറ്റാണ്. ഏതാനം ആഴ്ചകള്‍ക്കുമുമ്ബേ ഇത് സംഭവിച്ചിട്ടുണ്ടാകും. മറ്റ് രാജ്യങ്ങള്‍ കടന്നുപോയ അനുഭവങ്ങളും ശാസ്ത്രീയ പദ്ധതിയും പ്രകാരമാണിത് പറയുന്നത്. സ്കൂളുകളും കോളേജുകളും സിനിമാ തിയറ്ററുകളും അടച്ചിടാന്‍ തീരുമാനിച്ചത് മൂന്നാംഘട്ടത്തില്‍ എത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിഞ്ഞെന്ന് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ അത് വെളിപ്പെടുത്തുന്നില്ലെന്ന്മാത്രം.
രോഗബാധയും മരണവും സംബന്ധിച്ച ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വിശ്വസനീയമല്ല. രാജ്യത്തിന്റെ വലിപ്പവും ജനസാന്ദ്രതയും പരിഗണിച്ചാല്‍ രോഗം തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ എണ്ണം 10,000 കടന്നിട്ടുണ്ടാവാം.

ഒരുദിവസം 10,000 പേരെ പരിശോധിക്കണം. ചൊവ്വാഴ്ചവരെ ആകെ 11,500 പേരെയാണ് പരിശോധിച്ചതെന്ന് ഐസിഎംആറിന്റെ കണക്ക് വ്യക്തമാക്കുന്നു. 130 കോടി ജനങ്ങളുള്ള രാജ്യത്ത് നിലവിലെ പരിശോധനാ നിരക്ക് അപര്യാപ്തമാണ്.