കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തില്‍നിന്ന് അല്‍ ഐനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് അല്‍ ഐന്‍ അധികൃതര്‍ ലാന്‍ഡിങ് അനുമതി നിഷേധിച്ചു. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്തിന്റെ ലാന്‍ഡിങിന് അനുമതി നിഷേധിച്ചതോടെ യാത്രക്കാരുമായി വിമാനം കോഴിക്കോട്ട് മടങ്ങിയെത്തി. എയര്‍ ഇന്ത്യ എക്സ്‌പ്രസ്സിന്റെ കോഴിക്കോട് -അല്‍ ഐന്‍ വിമാനമാണ് ലാന്‍ഡിങ് അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് മടങ്ങിയെത്തിയത്. കുപിതരായ യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളംവെച്ചു.
രാവിലെ 10.40-ന് കോഴിക്കോട്ടുനിന്നും പുറപ്പെടേണ്ട വിമാനം മണിക്കൂറുകള്‍ വൈകിയാണ് കരിപ്പൂര്‍ വിട്ടത്. ഇന്ത്യന്‍സമയം ആറുമണിയോടെയാണ് വിമാനം അല്‍ ഐനില്‍ എത്തിയത് കോവിഡ്- 19 ഭീഷണിയെത്തുടര്‍ന്ന് അല്‍എന്‍ ഇതേസമയത്തുതന്നെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
യു.എ.ഇ.യുടെ ഭാഗമാണ് അല്‍ഐന്‍. വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ അല്‍ഐന്‍ എയര്‍ ട്രാഫിക്ക് വിഭാഗം വിമാനത്തിന് ഇറങ്ങാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. ഒരുമണിക്കൂറോളം വിമാനം ആകാശത്ത് വട്ടംചുറ്റിയെങ്കിലും അല്‍ ഐന്‍ അധികൃതര്‍ അയഞ്ഞില്ല. അങ്ങനെ വിമാനം കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു. നൂറോളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.