ഇന്ത്യയെ ഞെട്ടിച്ച സംഭവം ആയിരുന്നു 2012 ഡിസംബര്‍ 16 ന് രാജ്യ തലസ്ഥാനത്ത് ഉണ്ടായത്. നഗരത്തില്‍, ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ 23 കാരിയായ പെണ്‍കുട്ടി അതി ക്രൂരമായി ബലാത്സംഗത്തിന് ഇരയായി. കൂടെയുണ്ടായിരുന്ന സുഹൃത്ത് ക്രൂരമായി ആക്രമിക്കപ്പെട്ടു. ദിവസങ്ങള്‍ക്ക് ശേഷം ആ പെണ്‍കുട്ടി മരിക്കുകയും ചെയ്തു.ഇന്ത്യന്‍ യുവത്വം ഇത്രയേറെ പ്രതിഷേധം പ്രകടിപ്പിച്ച മറ്റൊരു സമയം സമീപകാല ചരിത്രത്തില്‍ എവിടേയും ഉണ്ടായിട്ടുണ്ടാവില്ല. ദില്ലിയില്‍ മാത്രമല്ല, രാജ്യമെമ്ബാടും പ്രതിഷേധങ്ങള്‍ ഇരമ്ബുകയായിരുന്നു…

ആ പ്രതിഷേധങ്ങള്‍ക്കും, നിര്‍ഭയയുടെ കുടുംബം നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കും ഫലം കിട്ടിയെന്നാണ് ഇപ്പോള്‍ ഭൂരിപക്ഷം പേരും പറയുന്നത്. കേസിലെ നാല് പ്രതികളുടേയും വധശിക്ഷ നടപ്പിലാക്കിയപ്പോള്‍ അതിനെ ഹര്‍ഷാരവത്തോടെ ആണ് ആള്‍ക്കൂട്ടം സ്വീകരിച്ചത്.

തിഹാര്‍ ജലിയില്‍ പുലര്‍ച്ചെ 5.30 ന് ആയിരുന്നു ശിക്ഷ നടപ്പിലാക്കിയത്. പുറത്ത് വലിയ ബന്ദവസ്സ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആളുകള്‍ കൂട്ടം കൂടിയെത്തിയിരുന്നു. വധശിക്ഷ നടപ്പിലാക്കി എന്നറിഞ്ഞ നിമിഷം മുതല്‍ അവര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. സമാനമായ സാഹചര്യം തന്നെ ആയിരുന്നു നിര്‍ഭയയുടെ വീടിന് മുന്നില്‍. ആളുകള്‍ വലിയ സന്തോഷം ആണ് നാല് പ്രതികളേയും തൂക്കിക്കൊന്നതില്‍ പ്രകടിപ്പിച്ചത്.

നിര്‍ഭയയുടെ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുത് എന്നാണ് അമ്മ ആശാദേവി പ്രതികരിച്ചത്. ഏഴ് വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കാണ് ഇപ്പോള്‍ ഫലം കണ്ടത് എന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുടെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. വധശിക്ഷ നടപ്പിലാക്കപ്പെട്ടതില്‍ രാഷ്ട്രപതിയ്ക്കും സര്‍ക്കാരിനും നീതിപീഠത്തിനും അവര്‍ നന്ദി പറയുകയും ചെയ്തു. ഈ ദിനം രാജ്യത്തെ പെണ്‍കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്നു എന്നും ആശാദേവി പ്രതികരിച്ചു. ഇത് നിര്‍ഭയ ന്യായ ദിവസം ആണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചത്.

2012 ഡിസംബര്‍ 16 ന് ക്രൂരമായ ആക്രമണത്തിന് ഇരയായ പെണ്‍കിട്ടി ഡിസംബര്‍ 29 ന് ആണ് മരിക്കുന്നത്. സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സയ്ക്കിടെ ആയിരുന്നു ഇത്. അവസാന നിമിഷം വരെ അചഞ്ചലയായി നിലകൊണ്ട അവള്‍, ഒടുവില്‍ വരേയും ആവശ്യപ്പെട്ടത് തന്നെ ഉപദ്രവിച്ചവരെ വെറുതേ വിടരുത് എന്നായിരുന്നു . ഭയമില്ലാത്തവള്‍ എന്ന അര്‍ത്ഥത്തില്‍ ആണ് ആ പെണ്‍കുട്ടിയെ പിന്നീട് നിര്‍ഭയ എന്ന് വിളിച്ചുപോരുന്നത്.