കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നിര്‍ദേശം നിലനില്‍ക്കെ നാനൂറോളം ആളുകളെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയ വൈദികര്‍ക്ക് എതിരേ പൊലീസ് കേസെടുത്തു. കാസര്‍കോട് പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോനാ ദേവാലയത്തിലെ വികാരി ഫാ. തോമസ് പട്ടാംകുളം, സഹവികാരി ഫാ. ജോസഫ് ഓരത്ത് എന്നിവര്‍ക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു കുര്‍ബാന നടത്തിയത്. കളക്ടറുടെ ഉത്തരവും കൊറോണ പ്രതിരോധനിര്‍ദേശവും ലംഘിച്ചതിന് 188, 296 വകുപ്പുകള്‍ പ്രകാരമാണ് കേസ്. നാട്ടുകാരുടെ പരാതിയിലാണ് പൊലീസിന്റെ നടപടി.
കുര്‍ബാന റവന്യൂ-പൊലീസ് അധികൃതര്‍ ഇടപെട്ട് നിര്‍ത്തി വയ്പ്പിക്കുകയും ചെയ്തു.കൊറോണയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിന് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്. വിശുദ്ധ ഔസേപ്പ് പിതാവിന്റെ മരണതിരുനാളുമായി ബന്ധപ്പെട്ടായിരുന്നു കുര്‍ബാന. 50ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങു നടത്തരുതെന്ന് പൊലീസ് മൂന്നുദിവസം മുന്‍പ് വൈദികരോട് നിര്‍ദേശിച്ചിരുന്നു.
മതമേലധ്യക്ഷന്‍മാരും വിലക്കിയിരുന്നു. പക്ഷെ ഇതു മറികടന്ന് ചടങ്ങ് നടത്തിയതോടെ നാട്ടുകാര്‍ പൊലീസിനെയും കളക്ടറെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എം.ആന്റണി, രാജപുരം ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ചടങ്ങു തടഞ്ഞ് വൈദികര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു.