തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്19 ഭീതി പടര്‍ത്തുമ്ബോഴും നിരവധി വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിനെതിരെ കര്‍ശന നടപടികള്‍ അധികൃതര്‍ എടുക്കുന്നുണ്ട്. കൊവിഡ് സ്ഥിരീകരിക്കാത്തവര്‍ക്ക് കൂടി രോഗബാധയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും സന്ദേശങ്ങളും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു വ്യാജ വാര്‍ത്തയ്ക്ക് ഇരയായ യുവാവാണ് ഇപ്പോള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
വീട്ടുകാരുടെയും നാട്ടുകാരുടെയും സുരക്ഷയ്ക്കായി പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനില്‍ കഴിയുന്ന യുവാവാണ് ഇപ്പോള്‍ ഈ വ്യാജന്മാരുടെ ഇരായായിരിക്കുന്നത്.
കഴിഞ്ഞ 18ന് രാവിലെ 4മണിക്കാണ് ആറ്റിങ്ങല്‍ സ്വദേശിയായ വൈശാഖ് സി വി എന്ന യുവാവ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തിലെ മെഡിക്കല്‍ ടീമിനെ കണ്ട് പരിശോധനകള്‍ നടത്തുകയും രോഗലക്ഷണകള്‍ ഇല്ലായെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 14ദിവസം വീട്ടില്‍ തന്നെ ഒരു റൂമില്‍ മറ്റുള്ളവരില്‍ നിന്ന് വിട്ട് സുരക്ഷിതമായി നില്‍ക്കാന്‍ മെഡിക്കല്‍ ടീം വൈശാഖിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ യൂറോപ്പില്‍ നിന്ന് മൂന്ന് രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ വഴി ഒരുപാട് നേരം യാത്രചെയ്ത് എത്തിയതിനാല്‍ മാനസികമായി വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന വൈശാഖിന്റെ അഭിപ്രായത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് യുവാവിനെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
വീട്ടില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി ആംബുലന്‍സിലായിരുന്നു വൈശാഖിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഇതെല്ലാം കണ്ട് നിന്ന നാട്ടുകാര്‍ സത്യം എന്തെന്ന് തിരിച്ചറിയാതെ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന വ്യാജ പ്രചരണം ഇറക്കാന്‍ തുടങ്ങി. ആറ്റിങ്ങല്‍, ചിറയിന്‍കീഴ് ഭാഗത്തുള്ള ചില വാട്‌സ്‌ആപ്പ് ഗ്രുപ്പുകളില്‍ തന്റെ ഫേസ്ബുക്ക് ചിത്രമുപയോഗിച്ച് വ്യാജപ്രചാരണം നടത്തുന്നുവെന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്.
നാലു മാസം പ്രായമുള്ള മോളുള്ള തനിക്ക് എപ്പോഴെങ്കിലും കുഞ്ഞിനെ കൊഞ്ചിക്കാനോ എടുക്കാനോ തോന്നുമെന്ന ഭയവും നിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരാന്‍ സാധിക്കുമോയെന്ന ആശങ്കയുമാണ് ഐസലോഷന്‍ വാര്‍ഡ് എന്ന ചിന്തയിലേക്ക് തന്നെ എത്തിച്ചതെന്ന് വൈശാഖ് പറയുന്നു.
ഏതായാലും മൂന്ന് ദിവസം കഴിയുമ്ബോള്‍ ഇതിന്റെ ഫലം ലഭിക്കും. പരിശോധനകള്‍ക്കായി തൊണ്ടയില്‍ നിന്നുള്ള സ്രവവും രക്തവും ശേഖരിച്ചിട്ടുണ്ട്. എന്തായാലും ഇത്രയും നാളും ക്ഷമിച്ചു ഇനി 14ദിവസം കഴിഞ്ഞു മോളെ കാണാമെന്നും നമ്മളുടെ അശ്രദ്ധ കാരണം ആര്‍ക്കും ഒന്നും വരരുത് എന്നതിനാലാണ് സ്വയം മുന്‍കരുതല്‍ എടുത്തതെന്നും വൈശാഖ് പറയുന്നു.
സംഭവത്തില്‍ വീട്ടുകാര്‍ ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും വൈശാഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.