തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം ചടങ്ങു മാത്രമായി നടത്തേണ്ടി വരുമെന്ന് സൂചന. കോവിഡ് നിയന്ത്രണങ്ങൾ മാർച്ച് 31 കഴിഞ്ഞും തുടരേണ്ട സാഹചര്യമുണ്ടാവുകയാണെങ്കിൽ പൂരത്തിന്റെ എല്ലാ ആഘോഷങ്ങളും ഒഴിവാക്കേണ്ട സ്ഥിതി വരും. പൂരം എക്സിബിഷനും അനുമതി നൽകുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
പൂരം കൊടിയേറ്റം മുതൽ പകൽപൂരം കഴിഞ്ഞുള്ള വെടിക്കെട്ടും കണ്ട് പൂരക്കഞ്ഞി കുടിച്ച് തൃശൂരിൽ നിന്ന് മടങ്ങുന്നതുവരെയുള്ള ആഘോഷങ്ങളിൽ പങ്കാളികളാകാൻ ലക്ഷക്കണക്കിന് ആളുകളാണ് സ്വദേശത്തു നിന്നും വിദേശത്തുനിന്നും എത്താറുള്ളത്. കോവിഡ് 19 ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ പൂരത്തിന് കർശന നിയന്ത്രണം വേണ്ടിവരുമെന്നാണ് കരുതുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ ഭരണി ആഘോഷങ്ങൾ ഒഴിവാക്കി നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. പൂരത്തിന്റെ വിഷയത്തിൽ വരും ദിവസങ്ങളിൽ ആലോചന യോഗങ്ങൾ നടന്നേക്കും.