ന്യൂയോര്‍ക്ക്: ലോകത്തെയാകെ ഭീതിയിലാഴ്ത്തുന്ന കൊവിഡ് 19 വൈറസിന് മനുഷ്യശരീരത്തിന് പുറത്ത് ദിവസങ്ങളോളം ജീവിക്കാനാകുമെന്ന് പഠനം. രോഗിയുടെ സ്രവങ്ങളിലൂടെ പുറത്ത് വരുന്ന വൈറസ് സമീപ അന്തരീക്ഷത്തില്‍ മണിക്കൂറുകളോളം നില്‍ക്കുമെന്നും ‘ദ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍’ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചെറുവായു കണികകളില്‍ ഈ വൈറസ് മൂന്ന് മണിക്കൂറോളം അതിജീവിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ചെമ്ബ് പ്രതലത്തില്‍ നാലു മണിക്കൂറും കാര്‍ഡ്‌ബോര്‍ഡ് പോലുള്ള വസ്തുക്കളില്‍ 24 മണിക്കൂറും പ്ലാസ്റ്റിക് സ്റ്റീല്‍ പോലുള്ളവയില്‍ മൂന്ന് ദിവസം വരെയും മറ്റൊരു ഇരയെ കാത്തിരിക്കാന്‍ കൊവിഡ് 19 വൈറസിനാകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

രോഗം തീവ്രമാകുന്ന അവസ്ഥയില്‍ രോഗി കൂടുതല്‍ സ്രവം പുറന്തള്ളാനുള്ള സാഹചര്യമുള്ളതിനാല്‍ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ എന്‍ 95 മാസ്‌കുപോലുള്ള മുന്‍കരുതലെടുക്കണമെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷണങ്ങള്‍ പുറത്ത് കാണിക്കാത്ത അവസ്ഥയില്‍ പോലും ഒരാള്‍ക്ക് വൈറസ് വാഹകനാകാനും മറ്റുള്ളവരിലേക്ക് വൈറസ് പടര്‍ത്താനും കഴിയുന്നു എന്നതാണ് കൊവിഡ് 19 നെ കൂടുതല്‍ അപകടകരമാക്കുന്നത്. രോഗവാഹകരാകാന്‍ സാദ്ധ്യതയുള്ളവര്‍ പരമാവധി മുന്‍കരുതലുകളെടുത്ത് മറ്റുള്ളവരിലേയ്ക്ക് പടരുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് കൂടുതല്‍ പ്രായോഗികമായ സാമൂഹ്യ പ്രതിരോധം.