ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 11 മണിക്കാണ് ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

രഞ്ജന്‍ ഗൊഗോയിയെ തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി.

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കെടിഎസ് തുളസി വിരമിച്ച ഒഴിവിലാണ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. 2001 ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം പഞ്ചാബ്-ഹരിയാന കോടതിയിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 2011 ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയി നിയമിതനായി. 2012 ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത്. 2018 ഒക്ടോബര്‍ 3 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ അദ്ദേഹം 2019 നവംബര്‍ 19 ന് വിരമിച്ചു.