ജനീവ: കോവിഡ്-19 മനുഷ്യരാശിയുടെ ശത്രുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). കൊറോണ വൈറസ് തങ്ങൾക്ക് മുന്നിൽ അഭൂതപൂർവമായ ഭീഷണിയാണെന്നും ഡബ്ല്യൂഎച്ച്ഒ തലവൻ ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു.
മനുഷ്യരാശിക്കെതിരായ ഒരു പൊതുശത്രുവിനെതിരെ ഒരുമിച്ച് പോരാടാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് രണ്ട് ലക്ഷത്തോളം പേർക്ക് കോവിഡ്-19 പിടിപെട്ട പശ്ചാത്തലത്തിലായിരുന്നു ഗബ്രിയേസസിന്റെ പ്രസ്താവന.
ലോകമെന്പാടും എണ്ണായിരത്തിലധികം പേർ കൊറോണ ബാധിച്ചു മരിച്ചു. ഡിസംബറിൽ ചൈനയിൽ രോഗം റിപ്പോർട്ട് ചെയ്തശേഷം, ഏഷ്യയിലേതിനേക്കാൾ കൂടുതൽ മരണങ്ങൾ യൂറോപ്പിൽ റിപ്പോർട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തലവൻമാർ, ആരോഗ്യമന്ത്രിമാർ, ആരോഗ്യപ്രവർത്തകർ, ആശുപത്രി മാനേജുമെന്റുകൾ, വ്യവസായ പ്രമുഖർ എന്നിവരുമായി കൊറോണയെ സംബന്ധിച്ച് ലോകാരോഗ്യസംഘടന ദിനംപ്രതി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്-19 സംശയമുള്ള എല്ലാ കേസുകളും പരിശോധിക്കണമെന്നും ഡബ്ല്യൂഎച്ച്ഒ നിർദേശം നൽകിയിട്ടുണ്ടെന്നും ഗബ്രിയേസസ് കൂട്ടിച്ചേർത്തു.