തിരുവനന്തപുരം: സംസ്ഥാനം കൊറോണ വൈറസ് ബാധ നേരിടുന്ന സാഹചര്യത്തില്‍ കൊറോണയെ നേരിടുന്നതിനുള്ള പ്രാരംഭ വഴിയാണ് മാസ്ക് ധരിക്കുക എന്നത്. എന്നാല്‍ നിലവില്‍ മാസ്ക്കിന് ക്ഷാമം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ മാസ്ക് ക്ഷാമം പരിഹരിക്കുന്നതിനായി തിരുവനന്തപുരം നഗരസഭ ഇന്ന് മുതല്‍ മാസ്ക് നിര്‍മ്മാണം ആരംഭിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുട്ടട, വള്ളക്കടവ് തയ്യല്‍ യൂണിറ്റുകളിലാണ് മാസ്ക് നിര്‍മ്മാണം ആരംഭിക്കുന്നത്. കൂടാതെ ഐസൊലേഷനിലും, ക്വാറന്റീനിലുമുള്ളവര്‍ക്കായി ഭക്ഷണ വിതരണവും ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം ജയില്‍ വകുപ്പുമായി സഹകരിച്ച്‌ നഗരസഭ തയ്യാറാക്കുന്ന സാനിറ്റൈസറുകളുടെ വിതരണവും ബുധനാഴ്ച മുതല്‍ ആരംഭിച്ചു. കൂടാതെ ബ്രേക്ക് ദി ചെയ്ന്‍ കാംപയ്‌നിന്റെ ഭാഗമായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഹാന്‍ഡ് വാഷ് കൗണ്ടറുകളും സ്ഥാപിക്കും.