തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച പുതിയ കോവിഡ്-19 കേസുകളില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ 25,603 പേരാണ് കേരളത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 25,366 പേരും വീടുകളിലാണ് കഴിയുന്നത്. 237 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. 57 പേരെ ബുധനാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. 4622 പേരെ രോഗബാധയില്ലെന്നു കണ്ട് നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
2550 പേരുടെ സാന്പിളുകൾ ബുധനാഴ്ച പരിശോധനയ്ക്കയച്ചു. ഇതിൽ 2140 സാന്പിളുകളും നെഗറ്റീവാണെന്നു ഫലം ലഭിച്ചു. കേരളത്തിൽ ഇതേവരെ സ്ഥിതി കൈവിട്ടു പോയിട്ടില്ലെന്നും ജാഗ്രത കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.