ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കേസിലെ നാല് പ്രതികളേയും തൂക്കിലേറ്റുന്നത്. ബിഹാറില്‍ നിന്നുള്ള ആരാച്ചാര്‍ പവന്‍ കുമാര്‍ ഇന്നലെ തിഹാര്‍ ജയിലില്‍ എത്തിയിരുന്നു. ഇന്ന് പകല്‍ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തും. ഇതിനായി നാല് പ്രതികളുടേയും അതേ ഭാരത്തിലുള്ള ഡമ്മികള്‍ തയ്യാറാക്കിയിട്ടുണ്ട്. മുകേഷ് സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26) അക്ഷയ് കുമാര്‍ സിങ് എന്നിവരെയാണ് തൂക്കിലേറ്റുന്നത്.

അതേസമയം വിവാഹമോചനമാവശ്യപ്പെട്ട് അക്ഷയ് കുമാര്‍ സിങിന്‍റെ ഭാര്യ കഴിഞ്ഞ ദിവസം കുടുംബ കോടതിയെ സമീപിച്ചിട്ടുണ്ട്. ഔറംഗാബാദ് കുടുംബകോടതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. 2012 ഡിസംബര്‍ 16 ന് നടന്ന ദില്ലി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളില്‍ ഒരാളാണ് അക്ഷയ് സിങ്ങെന്നും ഇയാളെ സുപ്രീംകോടതി വധശിക്ഷക്ക് വിധിച്ചിരിക്കുകയാണെന്നും കുടുംബ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പുനിത പറയുന്നു.

ഭര്‍ത്താവിന്‍റെ നിരപരാധിത്വം തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും ജീവിതകാലം മുഴുവന്‍ അക്ഷയ് കുമാറിന്‍റെ വിധവയായി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും അതിനാല്‍ തനിക്ക് വിവാഹമോചനം വേണമെന്നുമാണ് ഇവര്‍ പറയുന്നത്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ദില്ലി കോടതി തള്ളിയിരുന്നു. സംഭവം നടക്കുമ്ബോള്‍ സ്ഥലത്തില്ലായിരുന്നുവെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

മറ്റൊരു കേസില്‍ രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്ത് തന്നെ 2012 ഡിസംബര്‍ 17-നാണ് ദില്ലിയില്‍ എത്തിച്ചതെന്നും വധശിക്ഷ വിധിക്കാന്‍ കാരണമായ കുറ്റകൃത്യം നടക്കുമ്ബോള്‍ (ഡിസംബര്‍ 16) ദില്ലിയില്‍ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു മുകേഷ് സിങ് ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നത്.

എന്നാല്‍ വധശിക്ഷ നീട്ടിക്കൊണ്ടുപോവാനുള്ള പ്രതി പുതിയ ഹര്‍ജിയുമായി രംഗത്ത് എത്തിയിരിക്കുന്നതെന്ന് പബ്ലിക് പ്രോസീക്യൂട്ടര്‍ വാദിച്ചു. ജയില്‍ കടുത്ത പീഢനം നേരിടേണ്ടി വരുന്നുവെന്നും പ്രതി ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഹര്‍ജി സമര്‍പ്പിച്ച മുകേഷ് സിങിന്‍റെ അഭിഭാഷകനെ വിമര്‍ശിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.