താമരശ്ശേരി: സീറ്റില്‍ ഒറ്റയ്ക്കിരിക്കുന്നതിനായി അടുത്തിരിക്കാന്‍ വന്ന ആളിനോട് കൊറോണയാണെന്നു പറഞ്ഞ യുവാവിനെ മറ്റു യാത്രക്കാര്‍ തൂക്കിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തി. ഇയാള്‍ കൊറോണ ബാധിതനല്ലെന്നു കണ്ടെത്തിയ ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്. ഇന്നലെ രാവിലെ 6.30ന് താമരശ്ശേരിയിലാണ് സംഭവം.

കോഴിക്കോടു നിന്ന് മൈസൂരിലേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരനാണ് തന്റെ അടുത്തിരിക്കാന്‍ വന്ന ആളിനോട് കൊറോണയാണെന്ന് പറഞ്ഞത്. ഇതോടെ ബസിലെ മറ്റ് യാത്രക്കാര്‍ ആശങ്കയിലാവുകയായിരുന്നു. യാത്രക്കാരുടെ പരിഭ്രാന്തി കണ്ട് കണ്ടക്ടര്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനു മുന്‍പില്‍ ബസ് നിര്‍ത്തി വിവരം അറിയിച്ചു. പൊലീസ് ഉടന്‍ തന്നെ യാത്രക്കാരനെ ബസില്‍ നിന്നിറിക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധനയ്ക്കു വിധേയനാക്കി. പരിശോധനയില്‍ കൊറോണ ലക്ഷണം കണ്ടെത്തിയില്ലെന്ന റിപ്പോര്‍ട്ട് വന്ന ശേഷമാണ് ബസ് വീണ്ടും പുറപ്പെട്ടത്.

സംഗതി കൈവിട്ട് പോയെന്ന് അറിഞ്ഞതോടെ കൊറോണ മാസ്കിനെപ്പറ്റിയാണ് താന്‍ പറഞ്ഞതെന്ന് ഇയാള്‍ മാറ്റിപ്പറഞ്ഞു. അടുത്തിരിക്കാന്‍ വന്നയാള്‍ക്ക് തന്റെ ഭാഷ മനസിലാകാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും മൈസൂര്‍ സ്വദേശിയായ ഇയാള്‍ പൊലീസിനോട് പറഞ്ഞു.