ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി ഡൽഹി കോടതി തള്ളി. കൊലപാതകം നടന്ന സമയം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും അതിനാൽ വധശിക്ഷ റദ്ദാക്കണമെന്നുമായിരുന്നു മുകേഷ് സിംഗ് ഹർജിയിൽ ആവശ്യപ്പെട്ടത്.
രാജസ്ഥാനിൽനിന്നാണ് മുകേഷ് സിംഗിനെ അറസ്റ്റ് ചെയ്തത്. 2012 ഡിസംബർ 17ന് ആണ് ഇയാളെ ഡൽഹിയിലേക്ക് കൊണ്ടുവന്നത്. കുറ്റകൃത്യം നടക്കുന്ന ഡിസംബർ 16ന് താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. ജയിലിൽ താൻ പീഡിപ്പിക്കപ്പെട്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള പ്രതിയുടെ തന്ത്രമാണ് പുതിയ ഹർജിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. മാര്‍ച്ച് 20 ന് രാവിലെ 5.30ന് നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാനിരിക്കെയാണ് പ്രതി പുതിയ ഹർജി നൽകിയത്. മാര്‍ച്ച് അഞ്ചിനാണ് വിചാരണ കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്.
മുകേഷ് സിംഗിനു പുറമേ പവന് ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ് എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നത്.