കൊച്ചി: ബിഗ് ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണ വൈറസ് മാര്‍ഗ നിര്‍ദ്ദേശം ലംഘിച്ച്‌ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ കേസിലാണ് റിയാലിറ്റി ഷോ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് രജിത് കുമാര്‍ ആലുവ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇദ്ദേഹത്തെ പൊലീസ് സംഘം ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. രജിത് കുമാര്‍ തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് ഇയാളുടെ വീട്ടിലെത്തിയിരുന്നു.

രജിത് പൊലീസുമായി സംസാരിക്കുകയും ഇന്നു തന്നെ നെടുമ്ബാശ്ശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. രജിതിന്റെ വീട്ടില്‍ സന്ദര്‍ശകര്‍ക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രജിത് കുമാര്‍ ഒളിവില്‍ പോയെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചിരുന്നു. രജിത് കുമാര്‍ സ്വദേശമായ ആറ്റിങ്ങലില്‍ ഉള്ളതായി പൊലീസ് അന്വേഷിച്ച്‌ കണ്ടെത്തുകയായിരുന്നു.

രജിത് കുമാറിന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ ഇതുവരെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം രജിത്കുമാറടക്കം എഴുപത്തിയഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. അറസ്റ്റിലായവരെ കൂടാതെ രജിതിനെ സ്വീകരിക്കാനെത്തിയ മറ്റു അന്‍പതോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.