തിരുവനന്തപുരം: ആഗോളതലത്തില്‍ വ്യാപിച്ച കൊറോണ ഇപ്പോള്‍ സംസ്ഥാനത്തും വ്യാപിച്ചതോടെ ആശങ്കയിലാണ് ജനങ്ങള്‍. വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ് കൊറോണ പരത്തിയത് എന്ന ധാരണ ഉള്ളതിനാല്‍ തന്നെ വിദേശികളോട് കേരളജനയ്ക്ക് ഇപ്പോള്‍ ഭയമാണ്. വിദേശ വിനോദ സഞ്ചാരികളെ കാണുമ്ബോള്‍ തന്നെ അകറ്റാനാണ് മലയാളികളടക്കം ശ്രമിക്കുന്നത്.
എന്നാല്‍ കേരളത്തില്‍ അകപ്പെട്ട വിദേശികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാനും കഴിയാത്ത നിലയാണ്. കൂടാതെ അവര്‍ക്ക് കേരളത്തില്‍ താമസിക്കാനും ഇടമില്ല. ഹോട്ടലുകളും, റിസോട്ടുകളും കൊറോണ ഭീതിയെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒറ്റപ്പെട്ടുപോകുന്ന വിദേശ വിനോദ സഞ്ചാരികളെ സഹായിക്കാന്‍ പൊലീസ് തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
ഇങ്ങനെ താമസ സൗകര്യം കിട്ടാതെ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തിയാലുടന്‍ വിനോദസഞ്ചാര വകുപ്പിനെ അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി എന്നാണ് വിവരം. കൂടാതെ ഇവര്‍ക്ക് താമസസൗകര്യം ലഭിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം.
കഴിഞ്ഞദിവസം ഇറ്റലിക്കാരനായ വിനോദസഞ്ചാരിക്ക് താമസിക്കാന്‍ മുറികിട്ടാത്തതിനെതുടര്‍ന്ന് അദ്ദേഹം ഉറങ്ങിയത് പള്ളി സെമിത്തേരിയിലായിരുന്നു. വാഗമണ്ണില്‍ ശനിയാഴ്ചാണ് സംഭവം നടന്നത്. ഇയാള്‍ താമസത്തിന് വേണ്ടി ഹോട്ടലുകളും റിസോര്‍ട്ടുകളും തപ്പിയെങ്കിലും മുറി കിട്ടിയില്ല. കൊറോണ ഭീതിയെ തുടര്‍ന്ന് വാഗമണ്ണിലെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും അടച്ചിരിക്കുകയാണ്. തുടര്‍ന്നാണ് അദ്ദേഹം ഈ സാഹസത്തിന് മുതിര്‍ന്നത്.
സംഭവം പൊലീസിനെ അറിയിച്ചെങ്കിലും പെലീസ് സ്ഥലത്ത് എത്തുന്നതിന് മുന്‍പ് തന്നെ ഇയാള്‍ സ്ഥലം കാലിയാക്കിയിരുന്നു. ഞായറാഴ്ച രാവിലെ പള്ളിയിലേക്കു പോയവരാണ് ഇയാള്‍ സെമിത്തേരിയില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടത്. വാഗമണ്‍ പുള്ളിക്കാനം റോഡിലെ ചര്‍ച്ച് ഓഫ് ക്രൈസ്റ്റിന്റെ സെമിത്തേരിയിലാണ് വിദേശി ഉറങ്ങിയത്. വിദേശപൗരന്‍ എട്ടുമണിക്കുള്ള കോട്ടയം ബസിലാണ് കയറിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് വിനോദ സഞ്ചാരമേഖലയ്ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശികളായ വിനോദസഞ്ചാരികളെ കണ്ടാല്‍ കൈയ്യോടെ പിടികൂടി പരിശേധനയക്ക് വിധേയരാക്കുന്ന കാഴ്ചയാണ് കാണുന്നത്. മൂന്നാറില്‍ ഒരു ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകിച്ചതിന് പിന്നെലെയാണ് നടപടി കര്‍ശനമാക്കിയത്.