ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയിലുടനീളമുള്ള മക്ഡൊണാള്‍ഡ്സ് റസ്റ്റോറന്‍റുകളിലെ ഡൈനിംഗ് റൂമുകളും കളിസ്ഥലങ്ങളും ചൊവ്വാഴ്ച മുതല്‍ അടച്ചിടും.

എന്നാല്‍, ഡ്രൈവ് ത്രൂ വഴിയും ഹോം ഡെലിവറി വഴിയും ഉപയോക്താക്കള്‍ക്ക് സേവനം തുടരുമെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യമെമ്പാടും വര്‍ദ്ധിച്ചുവരുന്ന നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടുന്നതിന്, തിങ്കളാഴ്ച ബിസിനസ്സ് അവസാനിക്കുമ്പോള്‍ മക്ഡൊണാള്‍ഡ്സ് യുഎസ്എ യുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്‍റുകളിലെ ഡൈനിംഗ് റൂമുകളുള്‍പ്പടെ സ്വയം സേവന പാനീയ ബാറുകളും കിയോസ്കുകളും ഉള്‍പ്പടെയുള്ള ഇരിപ്പിടങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഈ നടപടികള്‍ നടപ്പിലാക്കാന്‍ കമ്പനി യുഎസിലുടനീളമുള്ള ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്റ്റാര്‍ബക്സ് ഉള്‍പ്പടെയുള്ള മറ്റ് പ്രധാന ഫാസ്റ്റ് ഫുഡ് ശൃംഖലകള്‍ ഞായറാഴ്ച സ്വീകരിച്ച സമാനമായ നടപടികളാണ് ഈ പ്രഖ്യാപനം നടത്താന്‍ മക്‌ഡോണാള്‍ഡ്സിനെ പ്രേരിപ്പിച്ചത്.

ന്യൂയോര്‍ക്ക് ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങള്‍ റസ്റ്റോറന്‍റുകള്‍ക്കും ബാറുകള്‍ക്കും ടേക്ക് ഔട്ട് അല്ലെങ്കില്‍ ഡെലിവറികള്‍ വഴി മാത്രം പ്രവര്‍ത്തിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.