തിരുവനന്തപുരം: ഡോക്ടര്‍ക്കു കോവിഡ്-19 സ്ഥിരീകരിച്ച തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. സ്പെയിനില്‍ പരിശീലനം കഴിഞ്ഞു മടങ്ങിയെത്തിയ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടറുമായി നേരിട്ടിടപെട്ട 43 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 76 പേരെ നിരീക്ഷണത്തിലാക്കി. 18 നഴ്സുമാര്‍, 13 ടെക്നിക്കല്‍ സ്റ്റാഫ്, 2 അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ എന്നിവരാണു മറ്റുള്ളവര്‍. ഈ പട്ടികയില്‍ രോഗികളില്ല. ശ്രീചിത്രയില്‍ ആകെ 80 ഡോക്ടര്‍മാരാണുള്ളത്.
റേഡിയോളജി ലാബുകള്‍ അടച്ചിടാനും അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കാനും നിര്‍ദേശമുണ്ട്. ഈ പശ്ചാത്തലത്തില്‍, ശ്രീചിത്രയിലെ സാഹചര്യം പഠിക്കാന്‍ ഡിഎംഒ പ്രത്യേക സംഘത്തെ നിയോഗിച്ചു. കോവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ട ഡോക്ടര്‍ റേഡിയോളജി വിഭാഗത്തിലായതിനാല്‍ രോഗികളുമായി കൂടുതല്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെട്ടിട്ടില്ലെന്നും ശ്രീചിത്ര അധികൃതര്‍ അറിയിച്ചു.
നിരീക്ഷണത്തിലായ ഡോക്ടര്‍മാരില്‍ 26 പേരുടേത് രോഗസാധ്യതാ സമ്ബര്‍ക്കവും (ഹൈ റിസ്ക് കോണ്ടാക്ട്) 17 പേരുടേതു സാധ്യത കുറഞ്ഞ സമ്ബര്ക്കവുമാണ് (ലോ റിസ്ക്). ഹൈ റിസ്ക് വിഭാഗത്തിന് 28 ദിവസവും ലോ റിസ്ക് വിഭാഗത്തിനു 14 ദിവസവുമാണ് നിരീക്ഷണ കാലാവധി. മാര്‍ച്ച് 2 ന് പുലര്‍ച്ചെ ഡോക്ടര്‍ ദോഹയില്‍ നിന്നു തിരുവനന്തപുരത്തെത്തിയ ക്യുആര്‍ 506 വിമാനത്തിലെ സഹയാത്രികരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഡോക്ടറുടെ സമ്ബര്‍ക്ക ചിത്രവും ഉടന്‍ തയാറാക്കും.
ശ്രീചിത്രയിലെ രോഗികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രോഗബാധിതനായ ഡോക്ടര്‍ 2 രോഗികളുമായി മാത്രമേ ഇടപെട്ടിട്ടുള്ളൂവെന്നും വിലയിരുത്തല്‍. അവരെ നേരിട്ടു പരിശോധിച്ചിട്ടില്ല. ആശുപത്രി സേവനങ്ങളൊന്നും മുടങ്ങിയിട്ടില്ല. അടിയന്തര ചികിത്സയും ശസ്ത്രക്രിയകളും ഒപി വിഭാഗവും തടസ്സമില്ലാതെ നടക്കുന്നുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാത്രമാണു മാറ്റിയത്. ആശുപത്രി മുഴുവന്‍ അണുവിമുക്തമാക്കി.
പഠനത്തിനായി സ്പെയിനില്‍ പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണു കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹം സ്പെയിനില്‍ നിന്നു തിരിച്ചു കേരളത്തിലെത്തിയത് ഈമാസം ഒന്നിനായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനാലും സ്പെയിനില്‍ ഇക്കാലയളവില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാതിരുന്നതിനാലും രണ്ടു മുതല്‍ ഡോക്ടര്‍ ശ്രീചിത്രയില്‍ ജോലിക്കെത്തുകയും രോഗികളെ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഡോക്ടര്‍ വിദേശത്തുനിന്നു വന്നു എന്നതു കണക്കിലെടുത്ത് ശ്രീചിത്ര അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന്റെ ദിശ ഹെല്പ് ലൈനുമായി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറോട് അഞ്ചു ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഏഴുവരെ ഡോക്ടര്‍ ലീവില്‍ പോയി. ഇതിനുശേഷം കഴിഞ്ഞ 10 നാണ് ഡോക്ടര്‍ വീണ്ടും ആശുപത്രിയിലെത്തിയത്. 10നും 11 നും ഡോക്ടര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. 11 നാണ് അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സ്പെയിന് ഉള്‍പ്പെടുത്തപ്പെടുന്നത്. അന്നു തന്നെ ഡോക്ടറോടു നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചതായി ശ്രീചിത്ര അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് 13 നാണ് ഡോക്ടര്‍ക്ക് രോഗബാധയുടെ ലക്ഷണങ്ങളുണ്ടാകുന്നത്. ഇതേത്തുടര്‍ന്നു പരിശോധന നടത്തുകയും കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു.