ഇസ്ലാമാബാദ്: കോവിഡ് 19 രോഗബാധിതരുടെ എണ്ണം പാക്കിസ്ഥാൻ കൂടുന്നു. കഴിഞ്ഞ ഒന്നര ദിവസത്തിനിടെ നിരവധി പുതിയ കേസുകളാണ് പാക്കിസ്ഥാനിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ പാക്കിസ്ഥാനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 94 ആയി. ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തിയവരെ ഉൾപ്പടെ നിരവധി പേർ രോഗബാധ സംശയിച്ച് നിരീക്ഷണത്തിലുണ്ട്.
യുഎസിൽ നിന്നും ഇസ്ലാമാബാദിൽ മടങ്ങിയെത്തിയ ദമ്പതികൾക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇവർ പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചകിത്സയിലാണ്.
അതേസമയം ഇന്ത്യയുടെ അയൽക്കാരായ ബംഗ്ലാദേശിലും കോവിഡ് 19 രോഗബാധിതരുടെ എണ്ണം കൂടി. ഇന്ന് മൂന്ന് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം എട്ടായി. ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇതേതുടർന്ന് ബംഗ്ലാദേശിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് 31 വരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.