തിരുവനന്തപുരം : തിരുവനന്തപുരത്ത് ജനങ്ങള്‍ പുറത്തിറങ്ങാത്ത തരത്തില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മാളുകള്‍ അടച്ചിടാനോ ബീച്ചില്‍ പ്രവേശനം വിലക്കാനോ തീരുമാനിച്ചിട്ടില്ല .പഴുതടച്ചുള്ള നിരീക്ഷണമാണ് തലസ്ഥാനത്തുള്ളത്.വര്‍ക്കലയില്‍ പ്രത്യേക ജാഗ്രത വേണം .രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട് . തലസ്ഥാനത്തും പ്രത്യേകിച്ച്‌ വര്‍ക്കലയിലും പഴുതടച്ച നിരീക്ഷണവും ജാഗ്രതയും തുടരാനാണ് തീരുമാനം .വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ സഞ്ചാരപാതയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ് വളരെ പ്രയാസപ്പെടുന്നുണ്ട്.

രണ്ടാഴ്ചക്കാലത്തോളം ഇറ്റാലിയന്‍ പൗരന്‍ വര്‍ക്കല പ്രദേശത്ത് സഞ്ചരിച്ചിട്ടുണ്ടെന്നാണ് വിവരം . കൃത്യമായി ആശയവിനിമയം നടത്താന്‍ സാധിക്കാത്തത് കൊണ്ട് തന്നെ ജില്ലാ ഭരണകൂടം പുറത്തിറക്കുന്ന ഇറ്റലി സ്വദേശിയുടെ റൂട്ട് മാപ്പ് പൂര്‍ണതോതിലുള്ളതല്ല. റൂട്ട് മാപ്പ് വഴി ഇയാള്‍ സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ ഒരു പരിധി വരെയെങ്കിലും കണ്ടെത്താനാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷയെന്നും മന്ത്രി കടകംപള്ളി പറഞ്ഞു