വാഷിംഗ്ടൺ: കൊറോണയെ നേരിടാൻ യുഎസിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാരിന്റെ മുഴുവൻ ശക്തിയും രോഗപ്രതിരോധത്തിലേക്ക് കേന്ദ്രീകരിക്കുന്നതിനാണിതെന്ന് വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസ്താവനയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഇന്ന് ദേശീയ പ്രാർഥനാദിനമായിആചരിക്കും. രോഗത്തെ നേരിടാൻ 5000 കോടി ഡോളർ സാന്പത്തികസഹായവും പ്രസിഡന്റ് പ്രഖ്യാപിച്ചു. സൗജന്യപരിശോധനയും ശന്പളത്തോടുകൂടിയുള്ള അവധിയും ഉൾപ്പെടെ രക്ഷാപാക്കേജുകൾക്കും ജനപ്രതിനിധിസഭ അനുമതി നൽകി.
അടുത്ത എട്ട് ആഴ്ച രാജ്യത്തിന് അതീവ നിർണായകമാണെന്നും ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു. രോഗബാധയെ നേരിടാൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കും.
സ്വകാര്യമേഖലയുമായി സഹകരിച്ചായിരിക്കും പ്രതിരോധ പ്രവർത്തനങ്ങൾ-പ്രസ്താവനയിൽ പറയുന്നു. ഏതാനും സംസ്ഥാനങ്ങൾ ഇതിനകം പ്രാദേശിക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ന്യൂയോർക്ക് ഗവർണറും കഴിഞ്ഞദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നിരവധി സംസ്ഥാനങ്ങളിൽ സ്കൂളുകൾ അടച്ചിരിക്കുകയാണ്. രോഗത്തിന്റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പാണെന്ന ലോകാരോഗ്യസംഘടനയുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ യൂറോപ്പിൽ നിന്നുള്ളവർക്ക് പ്രവേശനാനുമതി തടഞ്ഞു.