ന്യൂഡല്‍ഹി: ഭീം ആര്‍മിയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് സൂചന. ഇന്ന് ഡല്‍ഹിയില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ ചന്ദ്രശേഖര്‍ ആസാദ് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി ലഭിച്ച ശേഷം പാര്‍ട്ടി ഭാരവാഹികളുടെ പട്ടിക പുറത്തിറക്കുമെന്ന് ഭീം ആര്‍മി വക്താവ് അറിയിച്ചു.

പാര്‍ട്ടി മാനിഫെസ്റ്റോയും ഇന്ന് പുറത്തിറക്കിയേക്കും. ആസാദ് ബഹുജന്‍ പാര്‍ട്ടി, ബഹുജന്‍ അവാമി പാര്‍ട്ടി, ആസാദ് സമാജ് പാര്‍ട്ടി എന്നീ പേരുകളായി പാര്‍ട്ടിയുടെ ഔദ്യോഗിക പേരിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ഭീം ആര്‍മി സ്റ്റുഡന്‍സ് ഫെഡറേഷന്‍ എന്ന പേരില്‍ വിദ്യാര്‍ഥി വിഭാഗം പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് ശേഷം, സാമൂഹ്യ – സാംസ്‌കാരിക സംഘടനയായി ഭീം ആര്‍മി മാറുമെന്നും സംഘാടകര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിക്കായി നിലവില്‍ സോഷ്യല്‍ മീഡിയ ക്യാമ്ബയിന്‍ ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി രൂപീകരണത്തിന്റെ പശ്ചാതലത്തില്‍ ബി എസ് പിയില്‍ നിന്നുള്ള ചില നേതാക്കളുമായി ഭീം ആര്‍മി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ദലിത്, മുസ്‌ലിം, പിന്നാക്ക വിഭാഗക്കാരോട് പാര്‍ട്ടിയുമായി സഹകരിക്കാന്‍ ഭീം ആര്‍മി അഭ്യര്‍ഥിച്ചിട്ടുണ്ട്.