ആലപ്പുഴ: പരീക്ഷ ഒഴിവായെന്ന സന്തോഷത്തിലിരിക്കുന്ന കുട്ടികളെ തേടി ചോദ്യപ്പേപ്പറുകള്‍ വീട്ടിലെത്തും. കൊറോണ ബാധയെത്തുടര്‍ന്ന് ഏഴുവരെ ക്ലാസുകളിലെ കുട്ടികളുടെ പരീക്ഷ ഒഴിവാക്കിയിരുന്നതാണ്. എന്നാല്‍ ചോദ്യപേപ്പറുകള്‍ പാഴാക്കാതിരിക്കാന്‍ എന്ത് ചെയ്യാമെന്ന ചോദ്യം ഒടുവില്‍ ഇത്തരമൊരു തീരുമാനത്തിലെത്തുകയായിരുന്നു. മാനേജ്മെന്റുകളുടെ തീരുമാനപ്രകാരം സി.ബി.എസ്.ഇ., എയ്ഡഡ് സ്കൂളുകളിലാണ് അറിയിപ്പുകള്‍ ലഭിച്ചത്.

മാതാപിതാക്കള്‍ സ്കൂളിലെത്തി ചോദ്യപ്പേപ്പറുകള്‍ കൈപ്പറ്റണം. വീട്ടിലിരുന്ന് ഉത്തരങ്ങള്‍ എഴുതിയശേഷം ഉത്തരക്കടലാസുകള്‍ നിശ്ചിതദിവസത്തില്‍ തിരികെ സ്കൂളിലെത്തിക്കണം. തുടര്‍ന്ന് അധ്യാപകര്‍ വിലയിരുത്തിയശേഷം റിസള്‍ട്ട് അറിയിക്കുന്നതാണ്. രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലാകും പരീക്ഷ. രക്ഷിതാവിനും കുട്ടിക്കും സൗകര്യമാകുംവിധമുള്ള സമയം തിരഞ്ഞെടുക്കാം. പരീക്ഷയ്ക്കുശേഷം ഉത്തരക്കടലാസുകള്‍ മാതാപിതാക്കള്‍ സൂക്ഷിക്കണം. പരീക്ഷാവസാനം ഇത് സ്കൂളിലെത്തിക്കണം.