തിരുവനന്തപുരം: കോവിഡ്-19 വൈറസിനെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് ബോധവത്കരണ പരിപാടികൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് സംസ്ഥാനത്ത് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിലവിലെ നിയന്ത്രണങ്ങൾ ഫലപ്രദമാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെ 7,677 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 7,375 പേർ വീടുകളിലും 302 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. നിരീക്ഷണത്തിലുള്ള ആളുകളുമായി ദിവസവും ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേകം ഡോക്ടർമാരെ നിയോഗിക്കും.
ആരോഗ്യപ്രവർത്തകരും പോലീസും സന്നദ്ധപ്രവർത്തകരും ഒത്തുചേർന്നായിരിക്കും നിരീക്ഷണത്തിൽ കഴിയുന്നവരുമായി ബന്ധപ്പെടുക. രോഗം പടരുന്നത് ഒഴിവാക്കാൻ പാലിക്കേണ്ട കാര്യങ്ങൾ നിരീക്ഷണത്തിൽ കഴിയുന്നവരെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോകത്താകെ രോഗം ശക്തമാകുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വിശദമാക്കി.