തിരുവനന്തപുരം: കോവിഡ് 19 രോഗ ബാധ മൂന്ന് പേർക്ക് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് കനത്ത ജാഗ്രത പുലർത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അനാവശ്യമായി ആളുകൾ പുറത്തിറങ്ങരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നാണ് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ.
ആളുകൾ കൂടുന്ന ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ, ജിംനേഷ്യങ്ങൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയവയെല്ലാം അടച്ചിടാൻ നോട്ടീസ് നൽകും. ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികൾക്കും രണ്ടാഴ്ചയായി കേരളത്തിലുള്ള ഇറ്റാലിയൻ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് ജാഗ്രത ശക്തമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ ദിവസങ്ങളായി വർക്കലയിലെ റിസോർട്ടിലായിരുന്നു താമസം. രോഗലക്ഷണങ്ങൾ കണ്ടതിനാൽ ഇയാളെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. എല്ലാ വർഷവും ഇന്ത്യയിൽ എത്താറുള്ള ഇറ്റാലിയന്‍ പൗരന് വർക്കലയിലെ അടുപ്പക്കാർ ഉണ്ട്.
ഇയാൾ കൊല്ലത്ത് പോയിരുന്നുവെന്നും ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്തുവെന്നും ജില്ലാ ഭരണകൂടം കണ്ടെത്തി. വർക്കലയിൽ ആരുമായിട്ടെല്ലാം ഇയാൾ ബന്ധപ്പെടുവെന്നും കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം തുടരുകയാണ്.
ഇറ്റാലിയൻ പൗരന് ഇംഗ്ലീഷ് കാര്യമായി വശമില്ലാത്തതും കാര്യങ്ങൾ ചോദിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇയാൾ ചികിത്സയോട് നന്നായി സഹകരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കളക്ടർ അറിയിച്ചു.