ശ്രീനഗർ: വീട്ടുതടങ്കലിൽനിന്ന് മോചിതനായ ജമ്മുകാഷ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയെ സന്ദർശിച്ചു. പൊതുസുരക്ഷാ നിയമം (പിഎസ്എ) തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ഒമറിനെ ശ്രീനഗറിലെ സബ് ജയിലിൽ എത്തിയാണ് ഫറൂഖ് അബ്ദുള്ള കണ്ടത്. തന്നെ കഴിഞ്ഞ വെള്ളിയാഴ്ച മോചിപ്പിച്ചതിനു പിന്നാലെ മകനെ കാണാനുള്ള അനുവാദം അധികൃതരോട് ഫറൂഖ് അബ്ദുള്ള ചോദിച്ചിരുന്നു.
ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് ഫറൂഖ് അബ്ദുള്ളയും ഒമറും തടങ്കലിലായത്. തടങ്കലിലായി ഏഴു മാസങ്ങൾക്കു ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്. നേരത്തെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഷെയ്ക്ക് അബ്ദുള്ളയുടെ കബറിടം ഫറൂഖ് അബ്ദുള്ള സന്ദർശിച്ചിരുന്നു. ശ്രീനഗറിലെ ദാൽ തടാകത്തിനു സമീപമാണ് ഷെയ്ക്ക് അബ്ദുള്ളയുടെ ശവകുടീരം.