ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരേ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. ഒരു ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. മാതാപിതാക്കളുടെ ജനന സ്ഥലം ഉള്‍പ്പടെയുള്ള വിവാദ ചോദ്യങ്ങള്‍ ഇല്ലാതെ സെന്‍സസ് നടപടിക്രമങ്ങള്‍ പിന്തുടരുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി ആണ് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്. എന്‍പിആറും എന്‍ആര്‍സിയും ഒരു പ്രത്യേക സമുദായത്തെ മാത്രമല്ല മറിച്ച്, ഭൂരിപക്ഷം ആളുകളെയും പ്രതികൂലമായി ബാധിക്കുമെന്നും ഗോപാല്‍ റായി പറഞ്ഞു. എന്‍പിആറും എന്‍ആര്‍സിയും പിന്‍വലിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തനിക്കും ഭാര്യക്കും ഡല്‍ഹി മന്ത്രിസഭയിലെ മന്ത്രിമാര്‍ ആര്‍ക്കും തന്നെ പൗരത്വം തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും തങ്ങളെ തടങ്കല്‍ കേന്ദ്രത്തിലേക്ക് അയക്കുമോ എന്നുമാണ് കേജരിവാള്‍ പ്രമേയ ചര്‍ച്ചക്കിടെ കേന്ദ്രത്തോട് ചോദ്യം ഉന്നയിച്ചത്. കേന്ദ്ര മന്ത്രിമാര്‍ക്ക് ആര്‍ക്കെങ്കിലും സര്‍ക്കാര്‍ നല്കിയ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ കാണിക്കുവാനും കേജരിവാള്‍ വെല്ലുവിളിച്ചു.
പ്രമേയത്തിന്മേല് നടന്ന ചര്‍ച്ചയ്ക്കിടെ എംഎല്‍എമാരില്‍ ജനന സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ കൈ ഉയര്‍ത്തണമെന്ന് കേജരിവാള്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. എഴുപത് അംഗ നിയമസഭയില്‍ ഒന്‍പത് പേര് മാത്രമാണ് കൈ ഉയര്‍ത്തിയത്. ഡല്‍ഹി നിയമസഭയില്‍ 61 പേര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും ഇവരെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കുമോ എന്നും കേജരിവാള്‍ ചോദിച്ചു.