സിഡ്‌നി: ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡട്ടന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പനിയും, തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡട്ടന്‍ ക്യൂന്‍സ്‌ലന്‍ഡ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവാകുകയുമായിരുന്നു. ഡട്ടനെ ചികിത്സയ്ക്കായി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡട്ടന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം ഉത്തര്‍പ്രദേശ്-ഡല്‍ഹി അതിര്‍ത്തിയിലെ നോയിഡയിലെ ലെതര്‍ നിര്‍മാണ ഫാക്ടറിയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാരെ മുഴുവന്‍ ക്വാറന്‍റൈനിലാക്കിയിരിക്കുകയാണ്. 700 ജീവനക്കാരെയാണു ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ചയാളെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.