കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ല, കുഴഞ്ഞു വീണ മലയാളി യുവാവിന് ദാരുണാന്ത്യം. മുംബൈയില്‍ നയ്ഗാവ് ഈസ്റ്റില്‍ കെട്ടിട നിര്‍മാണ ഉപകരാര്‍ ജോലി ചെയ്തിരുന്ന കാസര്‍കോട് സ്വദേശി സുജിത് കുമാര്‍ (35) ആണ് മരിച്ചത്. കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ യുവാവുമായി സുഹൃത്തിനും ബന്ധുവിനും ഓട്ടോയില്‍ അലയേണ്ടി വന്നത് മൂന്നര മണിക്കൂര്‍. രാവിലെ സുഹൃത്തും ഭാര്യാ സഹോദരന്‍ സുനില്‍കുമാറിനുമൊത്ത് ജോലിക്ക് പോകാന്‍ ഒരുങ്ങവെ സുജിത് കുമാര്‍ പെട്ടന്നു കുഴഞ്ഞു വീഴുകയായിരുന്നു.

അടുത്തുള്ള ഡോക്ടറെ കാണിച്ചപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. ഓട്ടോയില്‍ ആശുപത്രിക്കു മുന്നില്‍ എത്തിച്ചെങ്കിലും പ്രവേശനം അനുവദിച്ചില്ല, തുടര്‍ന്നു കാമണ്‍ഗാവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെയും‌ ചികിത്സ ലഭിച്ചില്ലെന്നു യുവാക്കള്‍ പറഞ്ഞു. കൊറോണ ഭീതി മൂലമാണ് ചികിത്സ നിഷേധിച്ചതെന്ന് ആരോപണം, സംഭവത്തില്‍ പോലീസ് അപകട മരണത്തിനു പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടം നടത്തി. സംസ്കാരം നാട്ടില്‍.