തിരുവനന്തപുരം: വിദേശത്ത് നിന്ന് എത്തുന്നവരെ ‘കൊറോണ..കൊറോണ’ എന്നു വിളിച്ച്‌ പരിഹസിക്കുന്ന രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കെല്ലാം കൊറോണയാണെന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതതല യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മോശമായ ഇത്തരം പ്രവര്‍ത്തികള്‍ നാടിന് ദുഷ്‌പേരാണ്. ഇത്തരം നിലപാട് ആരും സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെത്തിയവര്‍ക്ക് ദുരനുഭവം ഉണ്ടാകരുത്. ആലപ്പുഴയില്‍ എത്തിയവരെ റിസോര്‍ട്ടില്‍ നിന്ന് ഇറക്കിവിട്ട സംഭവമുണ്ടായി. ആവശ്യമില്ലാതെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല. വിദേശത്ത് നിന്ന് എത്തുന്നവരെ പരിഹസിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന രീതി സംസ്ഥാനത്തിന് ദുഷ്‌പേരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.