തിരുവനന്തപുരം: പദ്മനാഭപുരം കൊട്ടാരത്തില്‍ ഫെബ്രുവരി 28 ന് ഇറ്റലിക്കാരായ 17 പേര്‍ സന്ദര്‍ശനം നടത്തിയതായി കണ്ടെത്തി. ഇതേതുടര്‍ന്ന് കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊട്ടാരം അടച്ചിടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച്‌ മ്യൂസിയം-പുരാവസ്തുവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇക്കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ നിരവധി രാജ്യങ്ങളിലെ സഞ്ചാരികള്‍ കൊട്ടാരത്തിലെത്തിയിരുന്നു. ജീവനക്കാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാനും കൊട്ടാരത്തിലെത്തുന്ന വിദേശികളുടെ വിവരങ്ങള്‍ ശേഖരിക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നടപടികള്‍ക്കെതിരെ ചിലര്‍ വിമുഖത കാട്ടുകയാണെന്നും വിദേശികളോടൊപ്പമെത്തുന്ന ഗൈഡുകളും സഹകരിക്കുന്നില്ലെന്ന് കൊട്ടാരത്തിലെ ജീവനക്കാര്‍ പറഞ്ഞു.