കോവിഡ് 19നെതിരെ ശക്തവും കെട്ടുറപ്പുള്ളതുമായ ജാഗ്രതയോടെ കേരളം മുന്നോട്ട് പോകുമ്ബോള്‍ അതിനെല്ലാം വഴികാട്ടിയായി മുന്നില്‍ തന്നെ നില്‍ക്കുന്ന ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ ശക്തമായി വിമര്‍ശിച്ച്‌ സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍.

ആരോഗ്യമന്ത്രിയുടെ പ്രസംഗത്തെ ചൂഷണം ചെയ്ത് പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ നിലവാരമില്ലാത്ത നാടകം കളിക്കുകയാണെന്ന് ഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഷാന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

 

കൊവിഡ്19 ലോകമെങ്ങും പടര്‍ന്നു പിടിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന തന്നെ ഔദ്യോഗികമായി അറിയിച്ച്‌ കഴിഞ്ഞു. വൈറസിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച്‌, അതിനായി സ്വീകരിക്കുന്ന മാര്‍ഗങ്ങളെ കുറിച്ച്‌ അത് വലുതായാലും ചെറുതായാലും അധികാരികളില്‍ നിന്നും അറിയാനുള്ള അവകാശം നമ്മള്‍ ജനങ്ങള്‍ക്കുണ്ട്. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പറയുകയുണ്ടായി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് അവര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

പ്രിയപ്പെട്ട സര്‍, നിപ്പ വൈറസ് കാലത്ത് നിങ്ങള്‍ ഓരോരുത്തരും പലയിടങ്ങളിലായി പോയി ഒളിച്ചപ്പോഴും ആരോഗ്യമന്ത്രിയും അവരുടെ ടീമും നിപ്പയെ നേരിട്ടു. അത്തരം വലിയ പ്രശനങ്ങളില്‍ നിന്നും നമ്മള്‍ അതിജീവിച്ചു. കാരണം, അത്രയും കഴിവും പ്രാപ്തിയുമുള്ള ആരോഗ്യമന്ത്രിയാണ് നമുക്കുള്ളത്. തന്റെ ജനങ്ങള്‍ക്കായി രാപ്പകല്‍ ഇല്ലാതെ അവര്‍ ഓടുന്നു, അധ്വാനിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്നു.

ലോകം മുഴുവന്‍ നമ്മുടെ നാടിനെ ഉറ്റു നോക്കുകയാണ്. നമ്മളില്‍ നിന്നും ലോകം പലതും പഠിക്കുന്നു. എനിക്കറിയാം, നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ല. എന്തെന്നാല്‍ പൊതുജനശ്രദ്ധ നിങ്ങള്‍ക്ക് നഷ്ടമാകുന്നു. ഒരിക്കലും ജനശ്രദ്ധ ആഗ്രഹിച്ചിട്ടില്ലാത്ത ഒരു വ്യക്തിയിലേക്ക് ജനങ്ങള്‍ ഇപ്പോള്‍ ചെവി കൂര്‍പ്പിക്കുന്നത്. ഷൈലജ മാഡം, അവര്‍ അവരുടെ ജോലി കൃത്യതയോടെ ചെയ്യുന്നു.

പ്രതിപക്ഷത്തെ കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ നാണക്കേട് തോന്നുന്നു. നാമെല്ലാം ഒരുമിച്ച്‌ നില്‍ക്കേണ്ടുന്ന ഈ സമയത്തും, ഷൈലജ മാഡം നടത്തുന്ന ആത്മസമര്‍പ്പണത്തെയും പ്രസംഗങ്ങളെയും ചൂഷണം ചെയ്ത് നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങള്‍ നടത്തുന്നത്. കഷ്ടം തോന്നുന്നു. ഷൈലജ മാഡം പറഞ്ഞത് പോലെ… ‘ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്’.