ന്യൂഡൽഹി: കൊറോണ പടർന്നുപിടിക്കുന്ന ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് 6,000 ഇന്ത്യക്കാർ. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 1,000 പേർ മത്സ്യത്തൊഴിലാളികളാണ്. ഇവരിൽ കേരളത്തിൽ നിന്നുള്ളവരും ഉൾപ്പെടുന്നതായും മന്ത്രി അറിയിച്ചു.
ഇറാനിലെ വിവിധ പ്രവിശ്യകളിലായാണ് 6,000 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നത്. ലഡാക്ക്, ജമ്മു കാഷ്മീർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള 1,100 തീർഥാടകർ, ജമ്മു കാഷ്മീരിൽ നിന്നുള്ള 300 വിദ്യാർഥികൾ, കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ള 1,000 മത്സ്യത്തൊഴിലാളികൾ, മുന്പുതന്നെ ഇറാനിൽ കഴിയുന്നവർ, മതപഠന വിദ്യാർഥികൾ എന്നിവർ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു- ജയശങ്കർ പറഞ്ഞു.
ഇവരിൽ തീർഥാടനത്തിനായി പോയവരെ തിരികെ കൊണ്ടുവരുന്നതിനാണ് സർക്കാർ ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും ജയശങ്കർ വ്യക്തമാക്കി. കൊറോണ വൈറസ് രൂക്ഷമായി ബാധിച്ചിരിക്കുന്ന കോമിലാണ് കൂടുതൽ ഇന്ത്യൻ തീർഥാടകർ കുടുങ്ങിക്കിടക്കുന്നത്.
ഇറാനിൽനിന്ന് 529 പേരുടെ സാന്പിളുകളാണ് സർക്കാരിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇവരിൽ 299 പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു. ഇറ്റലിയിൽ കുടുങ്ങിയവരെ പരിശോധിക്കുന്നതിനായി മെഡിക്കൽ സംഘത്തെ അയച്ചു കഴിഞ്ഞെന്നും മന്ത്രി പാർലമെന്റിനെ അറിയിച്ചു.