ന്യൂഡല്‍ഹി : ഡല്‍ഹി വര്‍ഗീയകലാപത്തിനു പിന്നില്‍ യുപിയില്‍നിന്ന് എത്തിയവരുമുണ്ടെന്നും മൂന്നുമാസം മുമ്പേ ഗൂഢാലോചന നടന്നെന്നും കേന്ദ്രമന്ത്രി അമിത് ഷാ. രാജ്യതലസ്ഥാനത്ത് അമ്ബതിലേറെപ്പേര്‍ കൊല്ലപ്പെട്ട കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. ലോക്‌സഭയില്‍ ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു അമിത് ഷാ.
കലാപത്തിനായി പണവും ആയുധങ്ങളും ഡല്‍ഹിയില്‍ എത്തി. നാശനഷ്ടം കലാപകാരികളില്‍നിന്ന് കണ്ടെത്താന്‍ ഹൈക്കോടതി ജഡ്‌ജി തലവനായി ക്ലെയിം കമീഷനെ നിയോഗിക്കും. 36 മണിക്കൂര്‍കൊണ്ട് കലാപം അവസാനിപ്പിച്ച പൊലീസിനെ അഭിനന്ദിക്കുന്നു. സിഎഎയുടെ പേരില്‍ പ്രതിപക്ഷം നടത്തിയ വ്യാജപ്രചാരണങ്ങളാണ് കലാപത്തിനു വഴിയൊരുക്കിയത്– അമിത് ഷാ ആരോപിച്ചു.
ഡല്‍ഹി വര്‍ഗീയ കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ആഭ്യന്തര മന്ത്രിക്കും മന്ത്രാലയത്തിനും മാറിനില്‍ക്കാനാകില്ലെന്നും അമിത് ഷാ രാജിവയ്‌ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണവും ജെപിസി അന്വേഷണവും പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. 52 പേര്‍ മരിച്ചു. 526 പേര്‍ക്ക് പരിക്കുണ്ട്. 323 കടയും 142 വീടും നശിച്ചു. എഴുന്നൂറിലേറെ കേസെടുത്തു. അമിത്‌ഷായുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ഇടതുപക്ഷവുമുള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ഇറങ്ങിപ്പോയി.