ന്യൂഡല്‍ഹി : കൊറോണ ബാധിതമായ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയയ്ക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇവരില്‍ വൈറസ് ബാധ ഇല്ലാത്തവരെ തിരിച്ചുകൊണ്ടുവരുമെന്നും മറ്റുള്ളവരെ അവിടെത്തന്നെ ചികിത്സിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്ത്യയില്‍നിന്നു ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇറ്റലിയില്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രിയുടെ വിശദീകരണം. ആരോഗ്യരംഗത്ത് യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളതെന്ന് വി മുരളീധരന്‍ പറഞ്ഞു. അതുകൊണ്ടാണ് കൊവിഡ് 19 നെഗറ്റിവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയത്. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇറ്റലിയിലെ ഡോക്ടര്‍മാര്‍ തയാറാവാത്ത സാഹചര്യമുണ്ട്. അതിനാലാണ് ഇന്ത്യയില്‍നിന്ന് മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചത്.

കോവിഡ് നെഗറ്റിവ് ആയവരെ മാത്രമാണ് ഇന്ത്യയിലേക്കു കൊണ്ടുവരിക. വൈറസ് ബാധ ഉള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരുന്നത് പ്രായോഗികമല്ല. ഇതു കൂടുതല്‍ പേരിലേക്കു രോഗം പടരാന്‍ ഇടയാക്കും. രോഗം ബാധിച്ചവര്‍ക്ക് അവിടെത്തന്നെ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് മുരളീധരന്‍ പറഞ്ഞു.