കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നു യുഎസ് സൈന്യം പിന്മാറ്റം ആരംഭിച്ചു. ദോഹയിൽ ഈയിടെ താലിബാനും യുഎസും ഒപ്പിട്ട കരാർ പ്രകാരമാണിത്. കരാർ ഒപ്പിട്ട് 135 ദിവസത്തിനകം യുഎസ് സൈനികരുടെ എണ്ണം 12,000ത്തിൽനിന്ന് 8600 ആയി കുറയ്ക്കാമെന്നാണു വ്യവസ്ഥ.
സമാധാനക്കരാർ നിലനിൽക്കുന്ന പക്ഷം പതിനാലു മാസത്തിനകം യുഎസ്, നാറ്റോ സൈനികർ പൂർണമായും അഫ്ഗാൻ വിടും.
അഫ്ഗാൻ സർക്കാരിന്റെ കസ്റ്റഡിയിലുള്ള ആയിരത്തോളം തടവുകാരെ ഈയാഴ്ച വിടുമെന്ന് കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ഉറപ്പു നൽകി. അയ്യായിരം തടവുകാരെ വിടണമെന്നാണ് താലിബാന്റെ ആവശ്യം.തടവുകാരുടെ ലിസ്റ്റ് താലിബാൻ യുഎസിനു കൈമാറി.
എന്നാൽ ഗനിക്കു ബദലായി അബ്ദുള്ള അബ്ദുള്ള പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത് യുഎസിനു തലവേദന സൃഷ്ടിച്ചു. ഗനിക്ക് യുഎസും ചൈനയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമാന്തര ഭരണകൂടം അനുവദിക്കില്ലെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മുന്നറിയിപ്പു നൽകി. അബ്ദുള്ളയ്ക്ക് നിരവധി യുദ്ധവീരന്മാരുടെയും പ്രാദേശിക കമാൻഡർമാരുടെയും പിന്തുണയുണ്ട്.