തിരുവനന്തപുരം: സംസ്ഥാനത്ത് (കോവിഡ്19) വൈറസ്ബാധ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രീ പ്രൈമറി, ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളുകളും, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 31 വരെ അവധി നല്‍കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

നിയന്ത്രണം സിബിഎസ്‌സി, ഐസിഎസ്‌സി വിദ്യാലയങ്ങള്‍ക്കും, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും ബാധകമാണ്. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, എസ്‌എസ്‌എല്‍സി പരീക്ഷകളും, എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ പരീക്ഷകളും മാറ്റിയിട്ടില്ല. പരീക്ഷകള്‍ എഴുതാന്‍ വരുന്നവരില്‍ ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയില്‍ പരീക്ഷ എഴുതിക്കണം. പരീക്ഷകള്‍ ഒഴികെ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യാതൊരുവിധ പഠനപ്രവര്‍ത്തനവും, ട്യൂഷന്‍ ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, അവധിക്കാല ക്ലാസുകള്‍ തുടങ്ങിയവ 31 വരെ അനുവദിക്കില്ല. ഇതിന് ആവശ്യമായ നടപടികള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പും, പൊതു വിദ്യാഭ്യാസ വകുപ്പും സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.