ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പുറത്തു വിടുന്നതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വൈറസ് ബാധിച്ചവരെ സംബന്ധിച്ച നിത്യേനയുള്ള വിവരങ്ങള്‍ ആളുകളില്‍ ഭീതി ഉടലെടുക്കാന്‍ കാരണമാകുന്നതായാണ് ഐഎംഎയുടെ നിരീക്ഷണം. ഇത്തരം അനാവശ്യ ഭീതി ഒഴിവാക്കാന്‍ പുറത്ത് വിടുന്ന വിവരങ്ങള്‍ വര്‍ഗീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.
സാധാരണക്കാരന് അസുഖം സംബന്ധിച്ച എല്ലാ വിവരങ്ങളും തുടര്‍ച്ചയായി ലഭിക്കേണ്ട ആവശ്യമില്ല. അത് ലഭിക്കേണ്ടത് ആശുപത്രികള്‍ക്കാണ്. പ്രാദേശികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ക്ക് വിവരം ലഭിക്കുന്നതാവും ഉചിതമെന്നും ഐഎംഎ വിശദമാക്കുന്നു. അനാവശ്യമായ വിവരങ്ങള്‍ പൊതുജനത്തിന് ലഭിക്കുന്നത് കാരണം ഭീതിയിലേക്ക് ആളുകള്‍ എത്തിച്ചേരുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ജാഗ്രത പുലര്‍ത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ഈ നിലപാടാണ് ഉചിതമെന്നും ഐഎംഎ നിരീക്ഷിക്കുന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ കൃത്യമായി അറിയണമെന്നും ഐഎംഎ വ്യക്തമാക്കി.