ന്യൂഡൽഹി: ഡൽഹി കലാപത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്തവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ അനുമതി. ഡൽഹി ഹൈക്കോടതിയാണ് അനുമതി നൽകിയത്. കലാപത്തിൽ മരിച്ചവരുടെ പേരുകൾ പരസ്യമാക്കിയിട്ട് രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് മൃതദേഹങ്ങൾ സംസ്കരിക്കാൻ അനുമതി നൽകിയത്.
നേരത്തെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നത് മാർച്ച് 11 വരെ ഹൈക്കോടതി വിലക്കിയിരുന്നു. മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കണമെന്നും പോസ്റ്റ്മോർട്ടം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പൗരത്വ നിയമത്തിന്റെ പേരിൽ വടക്കു-കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 44 പേർ മരിക്കുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.