കൊച്ചി: ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ നാല്‍പതോളം പേരെ നിരീക്ഷണത്തിലാക്കി. ഇവരുടെ പരിശോധനാ ഫലം വരുന്നത് വരെ ഇവര്‍ ആലുവ താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ നെടുംമ്ബാശേരി വിമാനത്താവളത്തിലെത്തിയത്. ഖത്തര്‍ എയെര്‍വെയ്‌സില്‍ കൊച്ചിയിലേക്കെത്തിയ ഇവരുടെ രക്ത സാമ്ബിളുകള്‍ എടുത്ത് പരിശോധിക്കും. ഇറ്റലിയില്‍ നിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനില്‍ വയ്ക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇറ്റലിയില്‍ നിന്നെത്തിയ വിദ്യാര്‍ഥി കൊല്ലത്തെ വീട്ടിലേക്കെത്തിയത് ട്രെയ്ന്‍ മാര്‍ഗമാണെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കൊല്ലം പാരിപ്പള്ളിയിലാണ് വിദ്യാര്‍ഥിനി നിരീക്ഷണത്തിലുള്ളത്. അതിനിടയില്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുമായി ബന്ധപ്പെട്ട 5 പേര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. റാന്നി സ്വദേശികള്‍ സന്ദര്‍ശനത്തിനെത്തിയ പുനലൂരിലെ ബന്ധുവീട്ടിലെ മൂന്ന് പേര്‍ക്കും അവരുടെ അയല്‍വാസികളായ രണ്ട് പേര്‍ക്കും വൈറസ് ബാധയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കോവിഡ് ലക്ഷണങ്ങളോടെ അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. റാന്നി സ്വദേശികളായ ഇരുവരും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധിതരുമായി നേരിട്ട ബന്ധമുള്ളവരാണ് അമ്മയും കുഞ്ഞും.