തിരുവനന്തപുരം: കോവിഡ് -19 ഭീതിയില്‍ കോളജുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ സര്‍വകലാശാലാ പരീക്ഷകളില്‍ മാറ്റമുണ്ടായിരിക്കില്ല. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
വൈദ്യശാസ്ത്രം ഏത് ധാരയില്‍ പെട്ടതായാലും ആതുര സേവനത്തിന് വേണ്ടി ഉള്ളതാണ്. വൈദ്യശാസ്ത്ര വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും ഉപരിപഠനം നടത്തുന്നവരും പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്നവരും ഒന്നിച്ച്, ഒരേ മനസായി നാടിനെ മുന്നോട്ടു നയിക്കാന്‍ ഇറങ്ങേണ്ട ഘട്ടമാണ് ഇത്. നിങ്ങളില്‍നിന്ന് നാട് വലിയ സേവനമാണ് പ്രതീക്ഷിക്കുന്നത്. സഹജീവികള്‍ക്ക് താങ്ങാവാന്‍ നമുക്ക് കൈകോര്‍ത്ത് മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എപിജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല ഈ മാസം തീരുമാനിച്ചിരുന്ന പരീക്ഷകള്‍ക്കും മൂല്യനിര്‍ണയത്തിനും മാറ്റമില്ല. 2017 ബാച്ച് വിദ്യാര്‍ഥികളുടെ ബിടെക് ഓണേഴ്സ് ഡിഗ്രിയുടെ രജിസ്ട്രേഷന് 13 വരെ നീട്ടി.