കൊച്ചി; സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇന്ന് മുതല്‍ നിയന്ത്രണം . കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് കേരളം. ഇതോടെ സംസ്ഥാനത്ത് ഇന്നു മുതല്‍ പൊതുപരിപാടികള്‍ക്കും ഉത്സവങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. പരിപാടികള്‍ക്ക് മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കില്ല. സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും സര്‍ക്കാര്‍ കലക്ടര്‍മാരോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്. ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ മൂന്നംഗ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ് റൂട്ട് മാപ്പിലുള്ളത്. ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ വിവരം പത്തനംതിട്ട ജില്ലാഭരണകൂടത്തെ അറിയിക്കണം.