വ്യാജ സന്ദേശങ്ങള്‍ വിശ്വസിച്ച് കൊറോണ വൈറസിലെ പ്രതിരോധിക്കാന്‍ ആല്‍ക്കഹോള്‍ കഴിച്ച 27 പേര്‍ മരിച്ചു. ഇറാനിലെ ഖുസെസ്താന്‍, അല്‍ബോര്‍സ് പ്രവിശ്യകളിലാണ് സംഭവം. 218 ഓളം പേര്‍ ചികിത്സയിലാണ്. ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്.മെഥനോള്‍ കലര്‍ന്ന മദ്യം കഴിച്ചാല്‍ കൊറോണ രോഗം മാറുമെന്ന വ്യാജസന്ദേശത്തെ തുടര്‍ന്നാണ് അമിതമായ അളവില്‍ വ്യാജമദ്യം കഴിച്ചത്.
മദ്യപാനത്തിന് നിരോധനമുള്ള രാജ്യമാണ് ഇറാന്‍. ചില മുസ്ലിം ഇതര മതസ്ഥര്‍ ഒഴികെ മറ്റാര്‍ക്കും മദ്യം വാങ്ങാനോ വില്‍ക്കാനോ കുടിക്കാനോ ഇവിടെ അവകാശമില്ല. അങ്ങനെയിരിക്കെയാണ് മദ്യം കൊറോണ ഭേദമാക്കുമെന്ന വ്യാജസന്ദേശങ്ങള്‍ വിശ്വസിച്ച് നിരവധിപ്പേര്‍ മെഥനോള്‍ കലര്‍ന്ന മദ്യം വാങ്ങിക്കുടിച്ചത്. ഖുസെസ്ഥാനിലെ ആശുപത്രിയില്‍ 218 പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ജുണ്ടിഷാപുര്‍ മെഡിക്കല്‍ സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.