പാലാരിവട്ടം മേല്‍പ്പാല അഴിമതി കേസില്‍ പൊതുമരാമത്ത് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ത്തു. അഞ്ചാം പ്രതിയായാണ് കേസില്‍ ഉള്‍പ്പെടുത്തിയത്. പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെ ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അനുമതിയോടെയായിരുന്നു റെയ്ഡ്. കോടതിയില്‍ നിന്നും സെര്‍ച്ച് വോറന്റ് വാങ്ങിയായിരുന്നു ആലുവയിലെ പെരിയാര്‍ ക്രസന്റ് എന്ന വീട്ടില്‍ റെയ്ഡ് നടത്തിയത്. കരാര്‍ കമ്ബനിയായ ആര്‍ഡിഎസിന് മുന്‍ കൂര്‍ പണം നല്‍കിയതും പലിശ ഒഴിവാക്കിയതും മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയും അനുമതിയോടെയുമാണെന്നാണ് വിജിലന്‍സ് നിഗമനം.
പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജും മന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഇബ്രാഹിം കുഞ്ഞ് നിഷേധിച്ചിരുന്നു. കരാര്‍ കമ്ബനിയിലെ മാനെജിങ് ഡയറക്റ്റര്‍ അടക്കമുള്ള ജീവനക്കാരെ ചോദ്യം ചെയ്ത ശേഷം കഴിഞ്ഞ ഫെബ്രുവരി 29ന് ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ യൂണിറ്റ് ഒന്നിലെ സൂപ്രണ്ട് വിനോദ് കുമാറിന്റെയും ഡിവൈഎസ്പി ശ്യാംകുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. രണ്ടാം വട്ട ചോദ്യം ചെയ്യലിലും ഇബ്രാഹിം കുഞ്ഞ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. എന്നാല്‍ പലിശ ഇളവു നല്‍കിയത് സംബന്ധിച്ച ഫയലിലെ രേഖകള്‍ ഇബ്രാഹിം കുഞ്ഞിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു.
മുന്‍കൂര്‍ പണം അനുവദിക്കാന്‍ ടി ഒ സൂരജ് നിര്‍ദ്ദേശം നല്‍കിയപ്പോള്‍ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഫയല്‍ കണ്ടിരുന്നുവെങ്കിലും മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് ഇത് തിരുത്തിയില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ ഇബ്രാഹിം കുഞ്ഞിന് കഴിഞ്ഞിരുന്നില്ല. നേരത്തെ ആര്‍ഡിഎസ് കമ്ബനിയിലും ടി ഒ സൂരജിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ നിര്‍ണായകമായ പല രേഖകളും കണ്ടെടുത്തിരുന്നു. ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ച്ച സാഹചര്യത്തില്‍ അനധികൃത സ്വത്ത് സമ്ബാദനത്തിനുള്ള തെളിവ് ശേഖരിക്കാനാണ് ഇന്നലെ റെയ്ഡ് നടത്തിയത്.
പ്രതിചേര്‍ത്തെങ്കിലും തല്‍ക്കാലം അറസ്റ്റുണ്ടാകില്ല. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിലാണ് തല്‍ക്കാലം അറസ്റ്റ് ഒഴിവാക്കുന്നത്. വിവാദങ്ങള്‍ ഒഴിവാക്കിയുള്ള നടപടിക്കാണ് വിജിലന്‍സ് ശ്രമിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കോടതിയില്‍ നിന്നുള്ള നിര്‍ദ്ദേശം കൂടി പരിഗണിച്ചായിരിക്കും മറ്റു നടപടികളിലേയ്ക്കു കടക്കുക. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റ് ഒഴിവാക്കുന്നതിനുമായി ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിക്കുമെന്ന സൂചനയുണ്ട്. അതുകൊണ്ടു തന്നെ ഹൈക്കോടതി നിലപാട് അറിയുന്നതിനായി കാത്തിരിക്കും. ഹൈക്കോടതി അറസ്റ്റ് തടയാതിരിക്കുകയും വിജിലന്‍സ് പ്രത്യേക കോടതി അറസ്റ്റിന് നിര്‍ദ്ദേശിക്കുകയും ചെയ്താല്‍ നിയമസഭാ സമ്മേളനം പരിഗണിക്കാതെ അറസ്റ്റുണ്ടാകും.