ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിലെ ടെക്‌സസില്‍ നിന്ന് ബെംഗളുരുവില്‍ തിരികെയെത്തിയയാള്‍ക്കും, ഇറ്റലിയില്‍ നിന്ന് പഞ്ചാബില്‍ മടങ്ങിയെത്തിയ മധ്യവയസ്‌കനുമാണ് പുതിയതായി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധ സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 45 ആയി. യുഎസ്സിലെ ടെക്‌സസിലെ ഓസ്റ്റിനില്‍ നിന്ന് തിരികെയെത്തിയ ടെക്കിക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നാല്‍പത് വയസ്സുകാരനാണ് ഇദ്ദേഹം. ന്യൂയോര്‍ക്കില്‍ നിന്ന് ദുബായ് വഴി ബെംഗളുരുവില്‍ ഇദ്ദേഹം എത്തിയത് മാര്‍ച്ച്‌ ഒന്നിനാണ്. മാര്‍ച്ച്‌ അഞ്ചിനാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബെംഗളുരുവില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും, അവര്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. ഇന്ന് ജമ്മുകാശ്മീരിലും കേരളത്തിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. ജമ്മു കശ്മീരിലേക്ക് ഇറാനില്‍ നിന്ന് തിരികെയെത്തിയ 63 വയസ്സുകാരിയായ വൃദ്ധയ്ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആദ്യ കൊവിഡ് കേസായിരുന്നു ഇത്. ഇറ്റലിയില്‍ നിന്ന എത്തിയ മൂന്ന് വയസ്സുകാരനാണ് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചത്.

കൂടുതല്‍ പേരില്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര യാത്രകള്‍ക്ക് ശേഷം തിരികെയെത്തുന്നവരെല്ലാം വിമാനത്താവളങ്ങളില്‍ വിവരമറിയിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗലക്ഷണങ്ങളുണ്ടങ്കിലും, ഇല്ലെങ്കിലും തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ജില്ലാ ഭരണകൂടത്തിന്റെ കേന്ദ്രത്തിലോ തദ്ദേശഭരണസ്ഥാപനങ്ങളിലോ വിവരങ്ങള്‍ നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.