ഷിക്കാഗോ: സൂര്യനെ സാക്ഷിനിര്‍ത്തി, പഞ്ചഭൂതങ്ങളെ സമന്വയിപ്പിച്ച്, ചരിത്ര പ്രസിദ്ധമായ ഏഴാമത് ഷിക്കാഗോ ഗീതാമണ്ഡലം പൊങ്കാല, കുംഭ മാസത്തിലെ മകം നാളില്‍ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ നടന്നു.
പൊങ്കാല മഹോത്സവം നല്‍കിയ ആത്മനിര്‍വൃതിയുടെ ധന്യനിമിഷത്തില്‍ ഷിക്കാഗോ ഗീതാമണ്ഡലം യാഗശാലപോലെ ജ്വലിച്ചു. എങ്ങും അഗ്‌നിയായി എരിഞ്ഞ ഭക്തരുടെ പ്രാര്‍ഥനകള്‍, ദേവീസ്തുതികള്‍, വായ്ക്കുരവകള്‍, ശരണമന്ത്രങ്ങള്‍. ഒടുവില്‍ ദേവിയുടെ അനുഗ്രഹം പൊങ്കാലക്കലങ്ങളില്‍ തിളച്ചുതൂവിയപ്പോള്‍ ദേശാന്തരങ്ങള്‍ക്കപ്പുറത്ത് പൊങ്കാലയുടെയും മകം തൊഴലിന്റെയും നിര്‍വൃതി മഹാനഗരത്തില്‍ എങ്ങും പരന്നു.
ഇതിനോടകം തന്നെ ചരിത്രത്തിന്‍റെ ഭാഗമായി മാറിയ ഷിക്കാഗോ ഗീതാമണ്ഡലം ഉത്സവത്തില്‍, പൊങ്കാല അര്‍പ്പിക്കാനും മകംതൊഴലിനുമായി സ്ത്രീ ഭക്ത ജനങ്ങളുടെ തിരക്ക്, ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തെ ഭക്തിയുടെ നിര്‍ച്ചാര്‍ത്തണിയിക്കുന്ന ഒരു അനുഭൂതിയാണ് പകര്‍ന്നു തന്നത്. പൊങ്കാല തലേന്ന് ഒരു നേരം മാത്രം അരി ആഹാരം കഴിച്ച്, തികഞ്ഞ സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും ദേവി നാമ ജപങ്ങളോടുകൂടി ഒരു ദിനം കഴിച്ചു കൂട്ടിയശേഷം, അതിരാവിലെ വിളക്ക് തെളിച്ച് ദേവി ധ്യാനങ്ങള്‍ പാരായണം ചെയ്ത് ദേവിയില്‍ നിന്നും പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങിയ ശേഷം ആണ് സ്ത്രീ ഭക്ത ജനങ്ങള്‍ ഗീതാമണ്ഡലം സെന്‍ററില്‍ എത്തിയത്.
പ്രധാന പുരോഹിതന്‍ ബിജു കൃഷ്ണന്‍റേയും, അനുരാഗ് വേലികെട്ടിന്റെയും രവീന്ദ്രന്‍റേയും നേതൃത്വത്തില്‍ നടന്ന മഹാഗണപതി പൂജകളോട് കൂടിയാണ് ഈ വര്‍ഷത്തെ പൊങ്കാലമകം ഉത്സവം ആരംഭിച്ചത്. തുടര്‍ന്നു ആത്മീയാചാര്യന്‍ ആനന്ദ് പ്രഭാകറിന്‍റെ നേതൃത്വത്തില്‍ ലളിതാ സഹസ്രനാമ അര്‍ച്ചന യും നടത്തി അമ്മ മഹാമായയെ സംപ്രീതയാക്കി പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങി. ശേഷം പ്രധാന പുരോഹിതന്‍, ദേവിയില്‍നിന്നും അഗ്‌നി സ്വീകരിച്ച്, പ്രത്യേകം തയാറാക്കിയ വേദിയിലേ പൊങ്കാല അടുപ്പുകളിലേക്കു അഗ്‌നി പകര്‍ന്നു. തുടര്‍ന്നു പൊങ്കാല അടുപ്പിന് സമീപം മഹാ ഗണപതിയ്ക്കായി ഒരുക്കിയ അവില്‍, മലര്‍, പഴം, ശര്‍ക്കര എന്നിവ ഭഗവാന് നേദിച്ചു. അതുപോലെ ഭഗവതിക്കും തൂശനിലയില്‍ അവില്‍, മലര്‍, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ ഒരുക്കി, പുതിയ മണ്ണുകലത്തില്‍ പൊങ്കാല ഇട്ടു.
തികഞ്ഞ ഭക്തിയോടെ ഭക്ത ജനങ്ങള്‍ തയാറാക്കിയ പൊങ്കാല പായസം, പുരോഹിതന്‍ ദേവിക്ക് നിവേദ്യമായി അര്‍പ്പിച്ചു. പിന്നീട് അഷ്ടോത്തര അര്‍ച്ചനയും, ചതുര്‍വേദ മന്ത്രാഭിഷേകവും മന്ത്ര പുഷ്പ സമര്‍പ്പണവും ദീപാരാധനയും നടന്നു. തുടര്‍ന്ന് നടന്ന മഹാ അന്നദാനത്തോടെ ഏഴാമത് മകം പൊങ്കാല ഉത്സവത്തിനു പരിസമാപ്തിയായി.
ഈ വര്‍ഷത്തെ മകം പൊങ്കാല ഉത്സവത്തിനു നേതൃത്വം നല്കിയ രശ്മി മേനോനും മറ്റു കമ്മറ്റി അംഗങ്ങള്‍ക്കും ഈ വര്‍ഷത്തെ പൂജകള്‍ക്ക് നേതൃത്വം നല്‍കിയ ബിജു കൃഷ്ണനും പരികര്‍മ്മികളായി വര്‍ത്തിച്ച അനുരാഗ് വേലക്കാട്ടിനും രവി ദിവാകരനും പൂജയില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും ഗീതാ മണ്ഡലം സെക്രട്ടറി ബൈജു മേനോന്‍ നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം