കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടി ബിന്ദു പണിക്കര്‍ കൂറുമാറിയതായി സൂചന. പൊലീസ് രേഖപ്പെടുത്തിയ മൊഴിയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് പ്രത്യേക കോടതിയില്‍ നടക്കുന്ന രഹസ്യ വിചരാണയ്ക്കിടെ ബിന്ദു പണിക്കര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
സാക്ഷിയായ ബിന്ദു പണിക്കര്‍ നേരത്തെ നല്‍കിയ മൊഴി തള്ളിപ്പറഞ്ഞതോടെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
കേസില്‍ നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹിയുമായ ഇടവേള ബാബുവും കൂറുമാറിയതായി നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു. കേസില്‍ പ്രതിയായ നടന്‍ ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി ഉന്നയിച്ചിരുന്നുവെന്ന മൊഴിയാണ് ഇടവേള ബാബു വിസ്താരത്തിനിടെ മാറ്റിയത്.
ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് നടി പറഞ്ഞതായി ബാബു പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊരു പരാതിയെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്നായിരുന്നു വിസ്താരത്തിനിടെ ബാബു പറഞ്ഞത്. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റിയതോടെ ബാബു കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.