ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്ത സ്ത്രീകള്‍ ഇവര്‍. വിവിധ മേഖലകളില്‍ നേട്ടം കൊയ്ത വനിതകള്‍ക്കാണ് തന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള അവസരം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരുന്നത്. ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സാധുജന സംരക്ഷണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന മുദ്ര പതിപ്പിച്ച ഏഴ് വ്യക്തിത്വങ്ങളാണ് മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചത്. ഷീ ഇന്‍സ്പയേഴ്സ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചായിരുന്നു ട്വീറ്റ്.

ചെന്നൈയില്‍ നിന്നുള്ള സ്നേഹ മോഹന്‍ദാസിനായിരുന്നു ആയിരുന്നു പ്രധാനമന്ത്രിയുടെ അക്കൗണ്ട് ആദ്യം ഉപയോഗിക്കാനുള്ള അവസരം ലഭിച്ചത്. ചെന്നൈയില്‍ നിന്നുള്ള പ്രചോദന അഭിഭാഷകയും മോഡലുമായ മാളവിക അയ്യരാണ് പിന്നീട് വന്നത്. 13 -ാം വയസില്‍ രാജസ്ഥാനിലെ ബോംബ് സ്ഫോടനത്തില്‍ 2 കൈകളും നഷ്ടപ്പെട്ട മാളവിക ആത്മധൈര്യം കൈവെടിയാതെ പഠിച്ച്‌ പിഎച്ച്‌ഡി നേടിയ വ്യക്തിയാണ്. നാരീശക്തി പുരസ്‌ക്കാര ജേതാവ് കൂടിയായ ആരിഫ ജാനാണ് മൂന്നാമതായി പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചത്. കശ്മീരില്‍ നിന്നുള്ള നംദ കരകൗശല വിദ്യയുടെ പുനരുദ്ധാരണത്തില്‍ നിര്‍ണായക പങ്കു വഹിച്ചയാളാണ് ആരിഫ ജാന്‍.

ഹൈദരാബാദില്‍ നിന്നും കല്‍പന രമേശായിരുന്നു പിന്നീടെത്തിയത്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കല്‍പ്പന മഴവെള്ള സംവരണം, ജലസംരക്ഷണം എന്നിവയുടെ പ്രധാന്യത്തെ കുറിച്ചാണ് വിവരിച്ചത്. മഹാരാഷ്ട്രയിലെ ബന്‍ജാര വിഭാഗത്തിന്റെ കരകൗശല വസ്തുക്കള്‍ പ്രസിദ്ധമാക്കിയ വിജയ് പവാറും പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചു. കരകൗശല വസ്തുക്കള്‍ പ്രസിദ്ധമാക്കിയ കൂട്ടായ്മയുടെ വിജയത്തെ കുറിച്ചായിരുന്നു വിജയ് പവാര്‍ സംസാരിച്ചത്.

നാരീശക്തി പുരസ്‌ക്കാര ജേതാവ് കലാവതി ദേവിയും നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ കൈകാര്യം ചെയ്തു. ജനങ്ങളില്‍ നിന്നും ശേഖരിച്ച പണത്തിലൂടെ കാന്‍പുരിയിലെ ഗ്രാമങ്ങളില്‍ നാലായിരത്തോളം ശുചിമുറികളാണ് കലാവതി ദേവി നിര്‍മ്മിച്ചത്.